Kozhikode

ജില്ലയില്‍ ടി പി ആര്‍ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് കേസുകള്‍ വര്‍ധിക്കാനിടവരുത്തും. ഡെല്‍റ്റ വകഭേദവും ജില്ലയില്‍ കണ്ടെത്തിയതിനാല്‍ വ്യക്തികള്‍ സ്വയം മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഡി എം ഒ പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസമായി ജില്ലയില്‍ ടി പി ആര്‍ പത്ത് ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 27ന് 10.91 ശതമാനമായിരുന്നു ടി പി ആര്‍. പിന്നീടിങ്ങോട്ട് ടി പി ആര്‍ കൂടിവരുന്ന സാഹചര്യമാണ് കണ്ടത്. ജൂണ്‍ 28ന് 10.98 ശതമാനം, 29ന് 12.94 ശതമാനം, 30ന് 11.32 ശതമാനം, ജൂലൈ ഒന്നിന് 12.18 ശതമാനം, രണ്ടിന് 11.07 ശതമാനം. മൂന്നിന് 11.48 ശതമാനവും നാലിന് 11.99 ശതമാനവും അഞ്ചിന് 11.88 ശതമാനവുമാണ്. ജൂലൈ 6ന് 12.07 ശതമാനമാണ് ടി പി ആര്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് ദിവസമൊഴികെ 1000 മുകളിലാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 6ന് 1425 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ 30 ദിവസത്തിന് ശേഷമാണ് ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ 1400ന് മുകളിലെത്തുന്നത്. ജൂണ്‍ അഞ്ചിന് 1499 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ജൂലൈ 6ന് ടി പി ആര്‍ പ്രകാരം 16 തദ്ദേശസ്ഥാപനങ്ങള്‍ 20 ശതമാനത്തിന് മുകളിലാണ്. മൂന്ന് തദ്ദേശ സ്ഥാപനങ്ങള്‍ 30 ശതമാനത്തിന് മുകളിലുമാണ് ടി പി ആര്‍ രേഖപ്പെടുത്തിയത്. നടുവണ്ണൂര്‍, ഫറോക്ക്, ചേളന്നൂര്‍ തദ്ദേശ സ്ഥാപനങ്ങളാണ് 30 ശതമാനത്തിന് മുകളിലുള്ളത്. ജില്ലയില്‍ 13338 പേരാണ് ചികിത്സയിലുള്ളത്. 301669 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2544271 പേരെയാണ് ഇതുവരേ പരിശോധനയ്ക്ക് വിധേയരായത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 316372 പേര്‍ക്കാണ്.

Related Articles

Leave a Reply

Back to top button