തുഷാരഗിരി ജീരകപ്പാറയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി വീടും കൃഷികളും നശിപ്പിക്കുന്നത് തുടരുന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനാശം വിതയ്ക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാന വീടും കാർഷികവിളകളും നശിപ്പിച്ചു. മേഖലയിലെ കർഷകരുടെ കൊക്കോ, ജാതി, തെങ്ങ് അടക്കമുള്ള കാർഷിക വിളകൾ വ്യാപകമായി കാട്ടാന നശിപ്പിച്ചു. തെങ്ങ് വീടിന് മുകളിലേക്ക് കാട്ടാന കുത്തി മറിച്ചിട്ടതിനെ തുടർന്ന് വീടിന് സാരമായ കേടുപാടുകളും സംഭവിച്ചു. വാഴ, ചേമ്പ് അടക്കമുള്ള കൃഷികൾ പന്നി ശല്യത്തെ തുടർന്ന് മലയോര മേഖലകളിലെ കർഷകർ മുൻപ് തന്നെ ഉപേക്ഷിച്ചിരുന്നു. മഴ തുടങ്ങുമ്പോൾ തന്നെ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്.
സർക്കാരുകൾ വേണ്ടത്ര ഇടപെടലുകൾ കർഷകർക്കുവേണ്ടി നടത്തുന്നില്ലെന്നും വനം വകുപ്പ് വന്യ മൃഗങ്ങളെ തടയുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ ആക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെടുന്നു. അടിയന്തരമായി സോളാർ ഫെൻസിങ് സ്ഥാപിച്ച് കാടിനെയും കൃഷിയിടത്തെയും വേർതിരിച്ചു കാട്ടാനകളെ കാട്ടിൽ തന്നെ നിർത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന് സംഭവസ്ഥലം സന്ദർശിച്ച വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടുപ്പള്ളി ആവശ്യപ്പെട്ടു.







