Kodanchery

കോടഞ്ചേരിയിൽ കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോടഞ്ചേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലുന്നതിനുള്ള സർക്കാർ ഉത്തരവ് ജില്ലയിൽ ആദ്യമായി കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കി. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കോകോട്ടുമലയിൽ എടപ്പാട്ടുകാവുങ്ങൽ ജോർജ് ജോസഫാണ് തന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഒമ്പതോടെ വെടിവെച്ചുകൊന്നത്. പ്രത്യേക അനുമതികിട്ടി ഒമ്പതാംദിവസമാണ് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ ആദ്യത്തെ പന്നിയെ കൊല്ലാനായത്.

കഴുത്തിനുതാഴെ വെടിയേറ്റാണ് പന്നി ചത്തത്. വിവരമറിഞ്ഞെത്തിയ വാർഡ് അംഗം തമ്പി പറക്കണ്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസർ തയ്യാറാക്കി പന്നിയെ ആനക്കാംപൊയിൽ സെക്‌ഷൻ ഫോറസ്ററ്് ഓഫീസിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അരുൺസത്യന്റെ നേതത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി, വെടിയുണ്ട കണ്ടെടുത്ത് സംസ്കരിച്ചു. കാട്ടുപന്നികളെ വെടിവെക്കാൻ ഗ്രാമപ്പഞ്ചായത്തിൽ ആറാളുകൾക്ക് വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

ജനജാഗ്രതാസമിതി ശുപാർശ ചെയ്യുന്ന കൃഷിയിടങ്ങളിൽനിന്ന് മാത്രമേ പന്നികളെ കൊല്ലാൻ പാടുള്ളൂ. കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവരടങ്ങിയതാണ് ജനജാഗ്രതാസമിതി. പന്നികളുടെ ശല്യമുള്ള കൃഷിയിടങ്ങൾ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. മലയോരത്തെ കർഷകരുടെ ഏറെനാളത്തെ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്.

വെടിവെക്കുന്ന ആൾക്ക് പന്നിയൊന്നിന് ആയിരംരൂപ പ്രതിഫലം ലഭിക്കും. സെക്‌ഷൻ ഫോറസ്ററ്് ഓഫീസറുടെ നേതൃത്വത്തിൽ ജഡം കത്തിക്കുകയോ മണ്ണെണ്ണ ഒഴിച്ച് മറവുചെയ്യുകയോ വേണമെന്നും കാട്ടിൽനിന്ന് പന്നിയെ വെടിവെക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. വിവരമറിഞ്ഞതോടെ സമീപ പഞ്ചായത്തുകളും ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. മിക്ക പഞ്ചായത്തിലും ലൈസൻസുള്ള തോക്കുടമകൾ ഇല്ലാത്തത് പദ്ധതി നടപ്പാക്കുന്നതിന് പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ട്

Related Articles

Leave a Reply

Back to top button