പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്കെതിരെ പരാതി.

പുല്ലൂരാംപാറ: കോവിഡ് 19 ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നൂറോളം കുട്ടികൾക്ക് കോച്ചിങ് നൽകുന്നതായി പരാതി നൽകി. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടത്തുന്ന കോച്ചിങ്ങും ശേഷമുള്ള കളികളും കോവിഡ് കാലഘട്ടത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പും പോലീസും കർശനമായി നിരോധിച്ച ഇത്തരം പ്രവർത്തികൾ ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ തുടരുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മതിയായ തെളിവുകൾ സഹിതം തിരുവമ്പാടി പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് തിരുവമ്പാടി ഹെൽത്ത് ഇൻസ്‌പെക്ടർക്കും, ഉന്നത പോലീസ് അധികാരികൾക്കും, ജില്ലാ കളക്ടർക്കും കൈമാറിയതായും പരാതിക്കാരൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു. പരാതിയുടെ പകർപ്പ് തിരുവമ്പാടി ന്യൂസിന് ലഭിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അക്കാദമി അധികൃതരോട് സംസാരിച്ചപ്പോൾ ജൂലൈ ഒന്നുവരെ കോച്ചിങ്ങും മറ്റു പരിപാടികളും നടത്തിയിട്ടില്ലെന്നും കുട്ടികളുടെ ആരോഗ്യ ക്ഷമത ഉറപ്പു വരുത്തുന്നതിനുവേണ്ടി ജൂലൈ ഒന്നുമുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോച്ചിങ് ആരംഭിക്കുകയാണ് ഉണ്ടായതെന്നും തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു. സ്പോർട്സ് ഹോസ്റ്റലിന്റെ പ്രവർത്തനവും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അക്കാദമി ചീഫ് ടോമി ചെറിയാൻ കൂട്ടിച്ചേർത്തു.
പരാതി ലഭിച്ചതിന്റെ ഭാഗമായി അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, പരാതിയുടെ വസ്തുത ബോധ്യപ്പെട്ടാൽ സ്റ്റോപ്പ് മെമ്മോ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും തിരുവമ്പാടി പൊലീസ് അറിയിച്ചു.
പരാതിയുടെ പകർപ്പ് ലഭിച്ചുവെന്നും ഈ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.







