അജ്ഞാത പ്രാണി ശല്യം: ആശങ്കയോടെ കാരശ്ശേരി വേങ്ങേരിപറമ്പ് നിവാസികൾ

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് വേങ്ങേരിപറമ്പ് പ്രദേശങ്ങളിൽ ഒരു മാസത്തോളമായി അജ്ഞാത പ്രാണി ശല്യം രൂക്ഷം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അജ്ഞാത പ്രാണിയുടെ കടിയേറ്റ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടെതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഒറ്റ നോട്ടത്തിൽ പശുക്കളിലും ആടുകളിലുമായി കണ്ട് വരാറുള്ള രക്തം കുടിക്കുന്ന ചെറിയ പ്രാണി പോലെ തോന്നുമെങ്കിലും ഇരുണ്ട നിറത്തിലായി ചിറകുകളും കാലുകളുമുള്ള ഈ അജ്ഞാത ജീവി മനുഷ്യ ശരീരത്തിൽ പറ്റിപിടിച്ചതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് അറിയാൻ കഴിയുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇവ ശരീരത്തിൽ പറ്റിപിടിച്ച് നിൽക്കുന്ന ഭാഗങ്ങളിൽ ചൊറിച്ചിലും അസഹ്യമായ വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് പലരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. ചെവിയുടെ ഉൾഭാഗത്തായും തലയിലും കൈകാലുകളിലുമടക്കം കടിച്ചതായി അനുഭവസ്ഥർ പറയുന്നു.
പ്രാണിയെ തിരിച്ചറിയാൻ കഴിയാത്തതിനാൽതന്നെ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നവർക്ക് കൃത്യമായ മറുപടി നൽകാൻ ഡോക്ടർമാർക്കും സാധിക്കാറില്ല. വർഷങ്ങളായി പന്നികളുടെ ശല്യം അതിരൂക്ഷമായി നിലനിൽക്കുന്ന ഒരു പ്രദേശമായതിനാൽ മൃഗങ്ങളിൽ കൂടി വരുന്നതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അജ്ഞാത പ്രാണിയുടെ ഉറവിടം കണ്ടെത്താനും, ആശങ്കകൾ അകറ്റാനും ആരോഗ്യ വകുപ്പിനെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും വിവരങ്ങൾ ധരിപ്പിക്കാനും അവരുടെ ഭാഗത്ത് നിന്ന് വേണ്ട പരിഹാര മാർഗ്ഗങ്ങൾ തേടാനും തയ്യാറെടുക്കുകയാണിപ്പോൾ പ്രദേശവാസികൾ.







