Kozhikode

കോവിഡിൽ ആശിച്ചുകിട്ടിയ ജോലി തുടങ്ങാനാകാതെ അധ്യാപകർ

കോഴിക്കോട്∙ സർക്കാർ ജോലി കയ്യിലെത്തിയെങ്കിലും കോവിഡ് കാരണം ജോലി തുടങ്ങാനാവാതെ ഒരു കൂട്ടം അധ്യാപകർ. ജില്ലയിലെ 13 ഹിന്ദി അധ്യാപകരെയാണ് കോവിഡ് വട്ടംകറക്കുന്നത്. യുപിഎസ്എ ഫുൾടൈം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് നിയമന ഉത്തരവ് ലഭിച്ച 13 അധ്യാപകരാണ് ജില്ലയിലുള്ളത്. സാധാരണയായി ജൂൺ ആദ്യവാരം ജോലിക്കുചേരാനാണ് ഉത്തരവ് നൽകാറുള്ളത്.

എന്നാൽ ലോക്ഡൗൺ കാരണം ജൂലൈ പകുതിയാവാറായിട്ടും സ്കൂളുകൾ തുറന്നിട്ടില്ല. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾതുറന്ന് അഞ്ചുദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ വിദ്യാഭ്യാസവകുപ്പിന്റെ കണക്കിൽ അവധി കഴിഞ്ഞ് സ്കൂൾ തുറന്നിട്ടില്ല. അപ്പർ പ്രൈമറി ക്ലാസുകളിലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്. അധ്യാപകർ ജോലിക്കുചേരേണ്ട സ്കൂളുകളിൽ ഉത്തരവ് ലഭിച്ചിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്.

എന്നാൽ ക്ലാസുകളിലുള്ള സംശയങ്ങൾ പരിഹരിക്കാൻ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. 13 അധ്യാപകരെയും അതത് സ്കൂളുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചില്ലെങ്കിലും ഓൺലൈൻ പഠനത്തിൽ ഈ അധ്യാപകർ സജീവമാണ്. ജോലിക്കു ചേരാനുള്ള തീയതി വൈകുന്നതോടെ തങ്ങളുടെ സീനിയോറിറ്റിയെയും സർവീസിനെയും ബാധിക്കുമെന്ന ഭയവും അധ്യാപകർക്കുണ്ട്.

നിയമന ഉത്തരവ് ലഭിച്ചിട്ടുംസ്കൂൾ തുറക്കാത്തതിനാൽ ജൂലൈ 10 പിന്നിട്ടിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ സ്കൂളുകളിൽ അധ്യാപകരില്ലാത്തതിനാൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ പറ്റുന്നില്ല. കെജിപിഎസ്എച്ച്എ മുൻ ജന.സെക്രട്ടറി ടി.കെ. മുകുന്ദൻ പറഞ്ഞു

Related Articles

Leave a Reply

Back to top button