Kerala

കോവിഡ് പരിശോധന: ഐസിഎംആർ അനുമതി 6 സ്വകാര്യ ലാബുകൾക്ക്

കോഴിക്കോട്∙ കോവിഡ് പരിശോധനകൾ നടത്താൻ ജില്ലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അനുമതി കിട്ടിയത് ആറ് സ്വകാര്യ ലാബുകൾക്ക്. സംസ്ഥാനത്ത് ആകെ 49 പരിശോധനാകേന്ദ്രങ്ങളിൽ 27 എണ്ണം സർക്കാർ മേഖലയിലും 22 എണ്ണം സ്വകാര്യ മേഖലയിലുമാണ്. ജില്ലയിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. ഇതിനു പുറമേ 6 സ്വകാര്യ ലാബുകൾക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

റിയൽ‍ടൈം പോളിമറസ് ചെയിൻ റിയാക്‌ഷൻ ടെസ്റ്റ് അഥവാ ആർടി പിസിആർ പരിശോധനകളാണ് കോവിഡ് 19 തിരിച്ചറിയാൻ നടത്തുന്ന പ്രധാന പരിശോധന. മെഡിക്കൽകോളജ് ആശുപത്രിയിൽ ഇതാണ് നടത്തുന്നത്. മിംസ് ലാബ് സർവീസിന് ഏപ്രിലിൽ അനുമതി ലഭിച്ചു. ചൂലൂർ എംവിആർ കാൻസർ സെന്ററിനും അനുമതി ലഭിച്ചു.

സ്റ്റേഡിയം– പുതിയറ റോഡിലുള്ള അസ ഡയഗ്നോസ്റ്റിക് സെന്ററിനും ആർ‍ടി പിസിആർ‍ പരിശോധനയ്ക്കുള്ള അനുമതിയാണ് ലഭിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഡിആർസി എസ്‌ആർഎൽ ലാബിന്റെ ജില്ലയിലെ സെന്ററുകളിലും ഈ പരിശോധനയ്ക്കുള്ള സൗകര്യം ഉണ്ട്.

കാറ്ററിഡ്ജ് ബേസ്ഡ് ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് അഥവാ സിബി നാറ്റ് , ട്രൂനാറ്റ് ടെസ്റ്റ് എന്നിവയാണ് കോവിഡ് തിരിച്ചറിയാനുള്ള മറ്റു പരിശോധനകൾ. ട്രൂനാറ്റ് യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയാണ് ട്രൂനാറ്റ് ടെസ്റ്റ്. മെയ്ത്ര ആശുപത്രിക്കും ജെയിൽ റോഡിലെ അശ്വിനി ഡയഗ്നോസ്റ്റിക് സെന്ററിനും ട്രൂനാറ്റ് ടെസ്റ്റ് നടത്താനുള്ള അനുമതിയുണ്ട്. എംപിഎസ് ടവറിലെ മൈക്രോ ഹെൽത്ത് ലാബിന് സിബി നാറ്റ് ടെസ്റ്റ് നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.

പരിശോധന കുറിപ്പടി പ്രകാരം
∙ സ്വകാര്യ മേഖലയിലെ ലാബുകളിലും പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും എല്ലാവർക്കും നേരിട്ട് പോയി കോവിഡ് പരിശോധന നടത്താൻ കഴിയില്ല. പനിയോ രോഗലക്ഷണങ്ങളോ ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ പരിശോധന നടത്താനാകൂ. ഡോക്ടറുടെ നിർദേശപ്രകാരം ടെസ്റ്റ് നടത്തേണ്ടവർ ലാബിൽ വിളിച്ച് നടപടി ക്രമങ്ങൾ വിശദമായി അന്വേഷിക്കണം.

ലാബുകളുടെ വെബ്സൈറ്റിൽ നിന്നോ വാട്സാപ് നമ്പർ‍ വഴിയോ ഐസിഎംആറിന്റെ അപേക്ഷാഫോം ലഭിക്കും. ഇതു പൂരിപ്പിച്ച ശേഷം തിരിച്ചയച്ചാൽ ഓൺലൈനായി പണമടയ്ക്കാനുള്ള ലിങ്ക് ലഭിക്കും. പണമടച്ച ശേഷം നിർദിഷ്ട സമയത്ത് പരിശോധനയ്ക്കായി എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് എത്തണം. പരിശോധനകൾക്ക് ശരാശരി 3250 രൂപ മുതൽ 5000 രൂപവരെ ചെലവുവരും. പരിശോധനാഫലം ഐസിഎംആറിന് ലാബിൽ നിന്ന് നേരിട്ട് അയച്ചുകൊടുക്കും. നെഗറ്റീവാണെങ്കിൽ മാത്രം പകർപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കാം

Related Articles

Leave a Reply

Back to top button