Kozhikode

പ്രവാസികളുടെ ക്വാറന്റീൻ കേന്ദ്രത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കുന്നില്ല

വടകര ∙ ചോറോട് പഞ്ചായത്തിലെ ക്വാറന്റീൻ കേന്ദ്രത്തിൽ മുറിയുടെ പുറത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം കൂട്ടിയിട്ട നിലയിൽ. എടുത്തു മാറ്റാത്തതിനാൽ ഇവ പൂച്ചയും കാക്കയും കൊത്തിവലിക്കുകയാണ്. കുരിക്കിലാട് ഗോകുലം സ്കൂളിന്റെ ഒന്നാം നിലയിലാണ് പ്രവാസികൾക്കായി ക്വാറന്റീൻ കേന്ദ്രം ഒരുക്കിയത്. മുറിയുടെ പുറത്ത് വരാന്തയിലാണ് ക്വാറന്റീനിൽ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടത്. പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാൽ എടുത്തു മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്.

ജൂൺ 30ന് ആണ് ഇവിടെ ക്വാറന്റീൻ കേന്ദ്രം തുടങ്ങിയത്. ഇതുവരെ മാലിന്യം നീക്കിയിട്ടില്ല. കോവിഡ് കെയർ സെന്ററിന്റെ മാനേജ്മെന്റ് കമ്മിറ്റി ചോറോട് ഗവ. എച്ച്എസിൽ യോഗം ചേർന്നിരുന്നു. മാലിന്യനീക്കം ഉൾപ്പെടെ ചർച്ച ചെയ്തെങ്കിലും തീരുമാനം ഉണ്ടായില്ല. മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും അന്തേവാസികളായ പ്രവാസികളും പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയും ഭക്ഷണാവശിഷ്ടം സ്കൂളിന്റെ കംപോസ്റ്റ് സിസ്റ്റത്തിൽ മാറ്റണമെന്നുമാണ് ആവശ്യം. പഞ്ചായത്ത് അധികാരികളോട് മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്ന് അറിയിച്ച് പൊലീസ് മടങ്ങി. സന്നദ്ധസംഘടനയാണ് പ്രവാസികൾക്ക് ഭക്ഷണം നൽകി വരുന്നത്.

പ്രവാസികളെ മാലിന്യക്കൂമ്പാരത്തിനു നടുവിൽ പാർപ്പിക്കുന്ന ചോറോട് പഞ്ചായത്ത് അധികൃതർക്ക് എതിരെ പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസ് എടുക്കണമെന്ന് ചോറോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സതീശൻ കുരിയാടി ആവശ്യപ്പെട്ടു. ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടി പഞ്ചായത്ത് ഉടൻ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈക്കിലശ്ശേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇർഷാദ് സുൽത്താൻ ആധ്യക്ഷ്യം വഹിച്ചു.

Related Articles

Leave a Reply

Back to top button