താമരശ്ശേരിയിൽ ഉറവിടമറിയാതെ കോവിഡ്; കുടുക്കിലുമ്മാരം കണ്ടെയ്ൻമെന്റ് സോൺ

താമരശ്ശേരി∙ ഉറവിടം അറിയാതെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിലെ 3 വാർഡുകളിൽ ആശങ്ക. 6ാം വാർഡായ വെഴുപ്പൂരിൽ കെട്ടിടത്തിന്റെ പ്ലമിങ് ജോലിക്കു വന്ന ബേപ്പൂർ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വെഴുപ്പൂർ (6), കുടുക്കിലുമ്മാരം (9), അണ്ടോണ (10) വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാൻ പഞ്ചായത്ത് കലക്ടർക്ക് നിർദേശം നൽകിയെങ്കിലും കുടുക്കിലുമ്മാരം മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചത്.
പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ സ്രവം 20ന് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതോടെ ഇവിടെ വീടുപണിയിൽ ഏർപ്പെട്ടിരുന്ന 9 തൊഴിലാളികളെയും ക്വാറന്റീനിലാക്കി. പണി നടക്കുന്ന വീട്ടിൽ തന്നെയാണ് ഇവരിൽ 5 പേർ താമസിച്ചു വന്നത്. തൊഴിലാളികൾ ഭക്ഷണം വാങ്ങിക്കൊണ്ടിരുന്ന കുടുക്കിലുമ്മാരത്തെ ഹോട്ടൽ അടപ്പിച്ച് നടത്തിപ്പുകാരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. യുവാവ് കഴിഞ്ഞ 13ന് ബേപ്പൂരിൽ പോയി വന്നതാണ്. ആരോഗ്യ വകുപ്പ് അധികൃതർ യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്. ഇന്നലെ 15 പേരാണ് ക്വാറന്റീനിലായത്.
ആരോഗ്യ വകുപ്പ് നടത്തിവരുന്ന പരിശോധന പ്രകാരം ഇവർ സമ്പർക്കം പുലർത്തിയ കൂടുതൽ പേർ ക്വാറന്റീനിൽ ആകാൻ സാധ്യതയുണ്ട്. പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി. ജനങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ എന്നിവർ അഭ്യർഥിച്ചു.
News from Manoramaonline






