കോവിഡ് സെന്ററിൽ ഭക്ഷണം ലഭിക്കാത്ത സംഭവം; നഗരസഭാ അധികൃതർ സന്ദർശിച്ചു

മുക്കം: നഗരസഭയിലെ തൂങ്ങുംപുറത്തെ കോവിഡ് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കാനും അസൗകര്യങ്ങൾ പരിഹരിക്കാനും നഗരസഭാസംഘം നിർദേശം നൽകി.
ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാൻ പി.ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടം സന്ദർശിച്ചത്.
അനിവാര്യമായ രോഗികൾക്കുമാത്രം കൂട്ടിരിപ്പുകാരെ അനുവദിച്ചാൽ മതിയെന്നും കൂട്ടിരിപ്പുകാർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആശുപത്രിയിൽതന്നെ തുടരുമെന്ന നിബന്ധന ഒപ്പിട്ടുവാങ്ങണമെന്നും സംഘം നിർദേശിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതെ ആശുപത്രി അധികൃതർ നോക്കണം. കൂട്ടിരിപ്പുകാരുടെ വിവരങ്ങൾ നഗരസഭയെ അറിയിക്കണം. കൂട്ടിരിപ്പുകാർക്കുകൂടി ഭക്ഷണം നൽകുന്നതിനുള്ള തുക ദുരന്തനിവാരണഫണ്ടിൽനിന്ന് ലഭ്യമാക്കാൻ കളക്ടറോട് ആവശ്യപ്പെടുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
ക്ഷേമകാര്യചെയർമാൻ വി. കുഞ്ഞൻ, മരാമത്ത് ചെയർമാൻ മുഹമ്മദ് അബ്ദുൽ മജീദ്, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നോഡൽ ഓഫീസർ ഡോ. രൂപേഷ് കോവിഡ് ആശുപത്രിയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.







