യൂട്ടിലിറ്റി ഡക്ട് ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് ഹൈക്കോടതി സ്റ്റേ

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ യൂട്ടിലിറ്റി ഡക്ട് നിർമിക്കാതെ പ്രസ്തുത സ്ഥലത്ത് ഡ്രൈനേജ് നിർമിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സ്വദേശിയായ സെയ്ദലവി, കോടഞ്ചേരി സ്വദേശിയായ ജോർജ് മാത്യു എന്നിവർ നൽകിയ ഹർജിയിൽ ആണ് സ്റ്റേ നൽകിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. തിരുവമ്പാടി വ്യാപാര വ്യവസായ ഏകോപന സമിതിയും യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
പദ്ധതിയിലെ ഡ്രൈനേജ് നിർമ്മാണം മാത്രമാണ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവായിട്ടുള്ളത്, പ്രസ്തുത കേസ് ജൂലൈ 28ന് വീണ്ടും പരിഗണിക്കും.
സർക്കാർ ഉത്തരവ് മറികടന്ന് നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെയുള്ള ഹർജിയിൽ തീർപ്പായാൽ മാത്രമേ തുടർന്നുള്ള ഡ്രൈനേജ് പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസിന് സാധിക്കുകയുള്ളു.
നിരവധി അഴിമതികൾ ആരോപിക്കപ്പെട്ട റോഡ് നിർമ്മാണത്തിന് കോടതി നൽകിയ സ്റ്റേ പരിഗണിച്ച് എം എൽ എ രാജി വെക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിൻ്റെ പൊതുപരിപാടികൾ ബഹിഷ്കരിക്കുമെന്നും യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.









