സമ്പർക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന നീളുന്നു

വടകര ∙ ചോറോട് പഞ്ചായത്തിലെ മീത്തലങ്ങാടിയിലെയും മാങ്ങോട്ടുപാറയിലെയും കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടികയിലുള്ള നൂറിലധികം ആളുകളുടെ ആന്റിജൻ പരിശോധന 11 ദിവസമായിട്ടും നടത്താത്തതിൽ ജനങ്ങൾ ആശങ്കയിലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
22ന് വൈക്കിലശ്ശേരിയിൽ നടന്ന പരിശോധനയിലാണു മീത്തലങ്ങാടിയിൽ 4 പേർക്കും കുരിക്കിലാട് ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചത്. കുരിക്കിലാട്ടെ രോഗിയുമായി സമ്പർക്ക പട്ടികയിൽ ഉള്ളവർക്കു നടന്ന പരിശോധനയിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചു.
എന്നാൽ, മീത്തലങ്ങാടിയിൽ സമ്പർക്ക പട്ടികയിലുള്ള 50 ഓളം പേർക്കും 23ന് ഗവ. ജില്ല ആശുപത്രിയിൽ പരിശോധന നടത്തി പോസിറ്റീവ് സ്ഥിരീകരിച്ച മാങ്ങോട്ടുപാറയിലെ ആളുമായി പ്രാഥമിക സമ്പർക്കത്തിൽ ഉള്ള 56 ആളുകൾക്കും ഇതുവരെ പരിശോധന നടത്തിയിട്ടില്ല. മീത്തലങ്ങാടിയിലും മാങ്ങോട്ടുപാറയിലും രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവർക്ക് പരിശോധന നടത്താൻ നടപടി സ്വീകരിക്കണമെന്നു മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.






