
കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവില്‍ വനപ്രദേശത്ത് ഉരുള്‍ പൊട്ടിയതായി സംശയം. കനത്ത മലവെള്ളപ്പാച്ചില്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇരുവഞ്ഞിപ്പുഴയിലും, ചാലിയാറിലും ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരിയിലുണ്ടായ കനത്ത മഴയെ തുടർന്നാണ് നിലമ്പൂർ ചാലിയാർ പുഴയിൽ മലവെള്ളപാച്ചിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ . പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
കോഴിക്കോട് വിലങ്ങാട് മലയിൽ വനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി റിപ്പോർട്ടുകൾ, പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ പഞ്ചായത്ത് ദുരന്തനിവാരണ സേന അറിയിച്ചു.
വിലങ്ങാട് അടിച്ചിപ്പാറ- മഞച്ചീളി റോഡ് തകർന്നതിനാൽ കുടുംബങ്ങൾ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണെന്നും റിപ്പോർട്ടുകൾ.
ഇടുക്കി പീരുമേട്ടിൽ മൂന്നിടത്തും മേലെ ചിന്നാർ പന്തംമാക്കൽപടിയിലും ഉരുൾപൊട്ടിയതായി റിപ്പോർട്ടുകൾ. പീരുമേട്ടിൽ കോഴിക്കാനം, അണ്ണൻതമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളിലാണ് ഉരുൾപൊട്ടിയതായി പറയുന്നത്.
ഏലപ്പാറ ജങ്ഷനിൽ വെള്ളപൊക്കമുണ്ടായതായും. നിരവധി വീടുകളിൽ വെള്ളം കയറി എന്നും ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു എന്നും റിപ്പോർട്ടുകൾ.
മേലെ ചിന്നാർ പന്തംമാക്കൽപടിയിൽ ഉരുൾപൊട്ടലിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല. ഇനിയും ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബഥേലിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തി പുരോഗമിക്കുന്നു. നെല്ലിയാമ്പതിയിൽ മഴ തുടരുകയാണ്.







