ചൈനയിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും; കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എടുത്തു നൽകും ഈ റോബോട്ട്

തിരുവനന്തപുരം: കൊവിഡ് 19 പടർന്നുപിടിക്കുന്ന വാർത്തകൾക്ക് ഒപ്പം ചൈനയിലെ വുഹാനിൽ നിന്നും എത്തിയ നമ്മളെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് കൊവിഡ് രോഗികളുടെയടുത്ത് ഭക്ഷണവും മരുന്നുമെത്തിക്കുന്ന റോബോട്ടുകൾ. സുരകഅഷയെ മുൻനിർത്തി ആരോഗ്യപ്രവർത്തകർക്കും മറ്റും പിപിഇ കിറ്റുകൾ ഉൾപ്പടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ടുകളെ പരീക്ഷിച്ച് ചൈന ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ‘നൈറ്റിംഗൽ19’ രൂപകൽപന ചെയ്തത്. ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നൽകാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്.
6 പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കൺട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നൽകിയാൽ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടോന്ന് അറിയാനും കഴിയും. ഓരോ തവണത്തെ യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്.







