Kozhikode
പ്രതിഷേധം ആര്‍ത്തിരമ്പുന്നു; കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു, കണ്ണൂരില്‍ മാത്രം തകര്‍ത്തത് 20ഓളം ഓഫീസുകള്‍

കോഴിക്കോട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പുന്നു. സംസ്ഥാനത്ത് പലയിടത്തുമായി കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കുകയാണ്. കോഴിക്കോട് മേപ്പയ്യൂരിലാണ് ഇന്നലെ രാത്രിയോടെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത്.
ജനല്‍ ചില്ലുകളും, മേശയും, കസേരയും അടിച്ച് തകര്‍ത്തിട്ടുണ്ട്. 15 പേരടങ്ങിയ സംഘം ഓഫീസിലേക്ക് പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘം തമ്പടിച്ചിട്ടുണ്ട്.
കണ്ണൂരില്‍ മാത്രം 20 ഓളം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. കോഴിക്കോടും വിവിധയിടങ്ങളില്‍ ഓഫീസുകള്‍ അക്രമിക്കപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് ഇന്നലെയും ഓഫീസ് അടിച്ചു തകര്‍ത്തത്.







