Puthuppady

വന്യമൃഗശല്യം നേരിടാൻ പുതുപ്പാടിയിൽ21 ലക്ഷം രൂപയുടെ സൗരവേലിപദ്ധതി

പുതുപ്പാടി : വന്യമൃഗങ്ങളിൽനിന്ന് കർഷകരുടെ കൃഷിക്കും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സോളാർ ഫെൻസിങ്ങി(സൗരവേലി)ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 21 ലക്ഷംരൂപയുടെ പദ്ധതി. വനമേഖലയോട് ചേർന്ന കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, വള്ളിയാട്, മുപ്പതേക്ര, കനലാട്, കരികുളം, കാക്കവയൽ വാർഡുകളുടെ വനാതിർത്തിയിലാണ് സൗരവേലിയൊരുക്കുന്നത്.

പദ്ധതിക്ക്‌ ജില്ലാ പ്ലാനിങ് ബോർഡ് അനുമതി നൽകി. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് 17 ലക്ഷംരൂപയും, ജില്ലാ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകൾ രണ്ടുലക്ഷം രൂപവീതവും വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

വന്യമൃഗശല്യം രൂക്ഷമായ പുതുപ്പാടിയിലെ വനാതിർത്തി മേഖലകളിൽ കഴിയുന്നവർക്ക് സൗരവേലി ആശ്വാസമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി വളർത്തുമൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടത്. നിരവധിസ്ഥലങ്ങളിൽ കൃഷി നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽനിന്ന് ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത ദുരവസ്ഥക്കെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രത്യേക പദ്ധതിയായി കണക്കാക്കി സോളാർ ഫെൻസിങ്ങിന് അനുമതി ലഭ്യമാക്കിയത്. സൗരവേലിപദ്ധതി അവലോകനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, കെ.പി. സുനീർ, ആയിഷബീവി, ബിജു തോമസ്, ബുഷറ ഷാഫി, ഡെന്നി വർഗീസ്, ഷിജു ഐസക്, ബിജു താന്നിക്കാക്കുഴി, നിർവഹണ ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

കക്കാട് ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട നാലുകിലോമീറ്റർ ദൂരവും, കനലാട് ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട 14 കിലോമീറ്റർ ദൂരവും ഉൾപ്പെടെ 18 കിലോമീറ്റർ ദൈർഘ്യത്തിലാണ് വനാതിർത്തിയുള്ളത്. ഇതിൽ ഏഴു കിലോമീറ്റർദൂരത്തിൽ നിലവിൽ സൗരവേലിയുണ്ടെങ്കിലും പ്രവർത്തനക്ഷമമായിരുന്നില്ല. ഈഭാഗത്ത് അറ്റക്കുറ്റപ്പണി നടത്തി സൗരവേലി വനംവകുപ്പ് പ്രവർത്തനസജ്ജമാക്കുമെന്നതിനാൽ ബാക്കിവരുന്ന 11 കിലോമീറ്റർ ദൂരത്തിലാണ് തദ്ദേശസ്ഥാപനവിഹിതം ഉപയോഗപ്പെടുത്തി ഫെൻസിങ് നടത്തുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകെൽ എന്ന കമ്പനിക്കാണ് പദ്ധതി നടത്തിപ്പ്.

Related Articles

Leave a Reply

Back to top button