ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്

തിരുവമ്പാടി: മഴക്കാലമാരംഭിച്ചതോടെ ഗതാഗതം അസാധ്യമായി തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡ്. ഒരുമാസമായി ചെളിനിറഞ്ഞ് വാഹനങ്ങൾ പൂണ്ടുപോകുന്ന അവസ്ഥയിലാണ് റോഡ് ഉള്ളത്. കാൽനടയാത്രയും അസാധ്യമാണ് പ്രസ്തുത റോഡിൽ. പ്രധാനറോഡ് മുതൽ ഡിപ്പോവരെയുള്ള ഭാഗമാണ് തകർന്നുതരിപ്പണമായി കിടക്കുന്നത്. 25ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥയെ തുടർന്ന് വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഗവ: മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകൂടിയാണിത്. പുനർനിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഹോമിയോ ഡിസ്പെൻസറി ഇപ്പോൾ താഴെ തിരുവമ്പാടിയിലും കൃഷിഭവൻ പുല്ലൂരാംപാറയിലുമാണ് പ്രവർത്തിക്കുന്നത്. റോഡുനവീകരണത്തിന്റെ ഭാഗമായി മണ്ണിട്ടുനിരത്തിയതും തുടർച്ചയായ മഴയുമാണ് റോഡ് ചെളിക്കുളമാക്കി മാറ്റിയത്. തുടർപ്രവൃത്തികൾ മാസങ്ങളായി സ്തംഭനാവസ്ഥയിലാണിപ്പോൾ. സാങ്കേതിക തടസ്സങ്ങളെല്ലാം നീങ്ങി ഒന്നരവർഷം പിന്നിട്ടിട്ടും ഡിപ്പോ നിർമാണവും ഇതുവരെ ആരംഭിച്ചില്ല. ക്വാറി അവശിഷ്ടങ്ങൾ ഉപയോഗിച്ച് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്നും എസ്റ്റിമേറ്റ് തയ്യാറാക്കാൻ അസി. എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാർഡംഗം ബിന്ദു ജോൺസൺ അറിയിച്ചു.







