Entertainment

എമ്പുരാനായി ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും; മുരളി ഗോപി

പൃഥ്വിരാജ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ‘എമ്പുരാന്‍’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ ഈ ചിത്രത്തിനായി ഇനിയും ഒരുപാടുനാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ മുരളി ഗോപി വ്യക്തമാക്കിയത്.

‘ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുമ്പ് ഞാന്‍ വേറൊരു പ്രൊജക്ട് ചെയ്യുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണത്. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫര്‍ 2 വിന്റെ പണികള്‍ തുടങ്ങുക. 2021 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും’ എന്നാണ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞത്.

മാര്‍ച്ച് 28നായിരുന്നു ‘ലൂസിഫര്‍’ തീയ്യേറ്ററുകളില്‍ എത്തിയത്. എട്ട് ദിവസം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇതിനു പുറമെ മലയാളത്തില്‍ ആദ്യമായി ഇരുന്നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം കൂടിയാണ് ‘ലൂസിഫര്‍’.

Related Articles

Leave a Reply

Back to top button