മുക്കം നഗരസഭയിൽ സ്റ്റാമിന പദ്ധതിക്ക് തുടക്കമായി

മുക്കം: കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും കായിക വിനോദങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനും മുക്കം നഗരസഭ ആവിഷ്കരിച്ച സ്റ്റാമിന പദ്ധതിക്ക് തുടക്കമായി. എട്ടുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫുട്ബോളും വോളിബോളും പഠിക്കുന്നതിന് സൗകര്യമൊരുക്കുന്നതാണ് ഈ പദ്ധതി. കുട്ടികൾക്കുള്ള ജേഴ്സി, ബൂട്ട് എന്നിവ സ്പോൺസറിങ് വഴി ലഭ്യമാക്കും. പന്ത്, നെറ്റ്, പരിശീലകൻ, വേതനം എന്നിവ നൽകും.
പരിശീലനം നടക്കുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് പാൽ, മുട്ട, പഴം എന്നിവ നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. മുക്കം നഗരസഭ നാലു കേന്ദ്രങ്ങളിലാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്. മാമ്പറ്റ നഗരസഭാ സ്റ്റേഡിയത്തിൽ മുക്കം ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സ്റ്റാമിന പരിശീലന ക്യാമ്പ് നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മധു അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗൺസിലർമാരായ സത്യനാരായണൻ, എം.വി. രജനി, അശ്വതി സനൂജ്, റംല ഗഫൂർ, വസന്തകുമാരി, സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു രാഘവൻ, മുക്കം ഫുട്ബോൾ അക്കാദമി ചെയർമാൻ ആർ. ഷണ്മുഖൻ, വി. പ്രിൻസ് എന്നിവർ സംസാരിച്ചു







