Kozhikode

യൂത്ത് കോൺഗ്രസ് മാർച്ചിൽ ലാത്തിച്ചാർജ്; പരിക്കേറ്റ അർജുൻ ബോസിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി

കോഴിക്കോട്: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പി.എസ്‌.സി റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നതിനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം.

പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിനും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജി മാവൂർ, അർജുൻ ബോസ് , സനൂജ് കുരുവട്ടൂർ , നഈം, പത്ര ഫൊട്ടോഗ്രഫർക്കും സംഘർഷത്തിൽ പരുക്കേറ്റു.

രാവിലെ 11നാണ് കലക്ടറേറ്റിലേക്കു യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. കലക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് വച്ചു പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധയോഗം ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെത്തുടർന്ന് പൊലീസ് ലാത്തിവീശി. ഇതിനിടെ പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസിനു നേരെ കല്ലേറുമുണ്ടായി. ലാത്തിച്ചാർജിൽ ടി.സിദ്ദിഖിന്റെ കാലിന് സാരമായ പരുക്ക് പറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാലിനും കെഎസ്‌യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ, സജി.കെ.മാവൂർ, പി.എം.നഈം , ഫസൽ പാലങ്ങാട്, ആർ.കെ.നിഷാദ്, അർജ്ജുൻ ബോസ്, ഇ.അശ്വിൻ തുടങ്ങിയവർക്കും പരുക്കേറ്റു.

സംഘർഷത്തിനിടെ മംഗളം ഫൊട്ടോഗ്രഫർ രാജേഷ് മേനോന് പരുക്കേറ്റു. പൊലീസിന്റെ പടച്ചട്ടയുടെ പിൻബലമില്ലാതെ യുവാക്കളോടും വിദ്യാർഥികളോടും സംവദിക്കാൻ കഴിയാത്ത ഭരണാധികാരിയായി പിണറായി വിജയൻ മാറിയെന്ന് ടി.സിദ്ദിഖ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, സംസ്ഥാന ഭാരവാഹികളായ എം.ധനീഷ് ലാൽ, പി.കെ.രാഗേഷ്, വി.പി.ദുൽഖിഫിൽ, ഒ.ശരണ്യ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാൽ, വൈശാഖ് കണ്ണോറ എന്നിവർ പ്രസംഗിച്ചു.

പോലീസ് മർദ്ധനമേറ്റ അർജുൻ ബോസിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത് പോലീസ് മർദ്ധനമേറ്റ അർജുൻ ബോസിന് തിരുവമ്പാടിയിൽ സ്വീകരണം നൽകി. മർദ്ദനത്തിൽ യുവാവിന്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.

ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ അർജുൻ ബോസിനെ ഹാരം അണിയിച്ച് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്മൽ യു സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബ്, വൈസ് പ്രസിഡൻ്റ് മുഹമ്മദ് വട്ടപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, അൻവർ തയ്യിൽ, ലിബിൻ അമ്പാട്, വേണു തൊണ്ടിമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button