ബിരിയാണി ചലഞ്ച് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

മുക്കം : ‘നിലച്ചുപോകരുത്, പാലിയേറ്റീവ് കെയർ’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ശനിയാഴ്ച നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ബിരിയാണിക്കുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചതായും സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാചകവും വിതരണവും നടക്കുന്ന ചേന്ദമംഗലൂർ പുൽപ്പറമ്പ് എൻ.സി. ഓഡിറ്റോറിയത്തിൽ വിഭവങ്ങൾ എത്തിത്തുടങ്ങി. വിഭവങ്ങൾ പൂർണമായി സൗജന്യമായാണ് സമാഹരിക്കുന്നത്. ഇതു തുടരുന്നതായും സംഘാടകർ പറഞ്ഞു.
ബിരിയാണിക്കാവശ്യമായ അരി പൂർണമായി മുക്കം ഗൾഫ് ഗോൾഡ് ഉടമയാണ് സ്പോൺസർ ചെയ്തത്. നേരത്തേ അരി സ്പോൺസർ ഇനത്തിൽ ലഭിച്ച തുക മറ്റുസാധനങ്ങൾ വാങ്ങുന്നതിനായി വിനിയോഗിക്കും.
പാചകത്തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സൗജന്യമായാണ് പാചകം നിർവഹിക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ നോർത്ത് കാരശ്ശേരി സി.എം.സൗണ്ട്സ് നൽകി. പാചകകേന്ദ്രമായി എൻ.സി. ഓഡിറ്റോറിയം അനുവദിച്ചതും സൗജന്യമായാണ്.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ പാചകവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിക്കും. ശനിയാഴ്ച പുലർച്ചയോടെ ബിരിയാണി വിതരണത്തിന് സജ്ജമാവും.
അഞ്ച് ക്വിന്റൽ അരിവീതം വ്യത്യസ്ത ഗ്രൂപ്പുകളായാണ് പാചകം ചെയ്യുന്നത്. പാക്കിങ്ങിന് പതിനഞ്ച് പേരടങ്ങുന്ന ഇരുപത്തിയഞ്ച് ഗ്രൂപ്പുകളുണ്ടാവും.
ഉച്ചയ്ക്കുമുമ്പ് അതത് കൈകളിൽ ബിരിയാണിയെത്തിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിനായി നാല് ഷിഫ്റ്റുകളിലായി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തിയഞ്ഞൂറ് വൊളന്റിയർമാർ സേവനസന്നദ്ധരായിട്ടുണ്ട്.
വിഖായ, വൈറ്റ് ഗാർഡ്, രാഹുൽ ബ്രിഗേഡ്, യൂണിറ്റി, വോപ്പ, പി.ആർ.സി, ഈസ്റ്റ് എഫ്.സി, ബി.ഡി.ആർ, എസ്.ഡി.പി.ഐ, എസ്.വൈ.എസ്, വെൽഫെയർ, എന്റെ മുക്കം മുതലായ സന്നദ്ധ പ്രവർത്തകരും സിവിൽ ഡിഫൻസും സേവനരംഗത്തുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഓഡിറ്റോറിയത്തിലേക്കു പ്രവേശനം നിയന്ത്രണവിധേയമായിരിക്കും.
മുക്കം നഗരസഭയും കാരശ്ശേരി, കൊടിയത്തൂർ, ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലുമായി 50 പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഓർഡറുകൾ സ്വീകരിച്ചത്. ഈ കേന്ദ്രങ്ങളിൽനിന്നും അയക്കുന്ന വാഹനത്തിലാണ് ബിരിയാണി കയറ്റിയയക്കുക. വിഭവസമാഹരണത്തിൽ ഒട്ടേറെ പ്രദേശങ്ങളും കൂട്ടായ്മകളും സ്ഥാപനങ്ങളും റെസിഡൻറ്സ് അസോസിയേഷനുകളും കച്ചവടക്കാരും നൂറുകണക്കിനു വ്യക്തികളും കൈകോർത്തതായി ഭാരവാഹികൾ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ പ്രാദേശിക കൂട്ടായ്മകളും കെ.എം.സി.സി. പോലുള്ള സംഘടനകളും വിഭവസമാഹരണത്തിൽ പങ്കാളികളാകുന്നുണ്ട്.
ബിരിയാണി ചലഞ്ച് തത്സമയ സംപ്രേഷണമുണ്ടാകുമെന്ന് പബ്ലിസിറ്റി ചെയർമാൻ എ.സി. നിസാർ ബാബു പറഞ്ഞു. ഗൾഫ് നാടുകളിലും ഇതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുകൾ നടക്കുന്നുണ്ട്. യു.എ.ഇ.യിലും സൗദിയിലെ ജിദ്ദയിലും വെള്ളിയാഴ്ചയാണ് ബിരിയാണി ചലഞ്ച് നടക്കുന്നത്.
പത്രസമ്മേളനത്തിൽ ചെയർമാൻ പി.കെ. ശരീഫുദ്ദീൻ, പി.നൂറുൽ അമീൻ, ജനറൽ കൺവീനർ ബക്കർ കളർ ബലൂൺ, ചീഫ് കോ-ഓർഡിനേറ്റർ ടി.പി അബൂബക്കർ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് കക്കാട്, ഇ. അഷ്റഫ് എന്നിവർ പങ്കെടുത്തു.







