India

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി  കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍ പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് തന്നെ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങള്‍ ഈ ഡിക്ലറേഷനില്‍ നല്‍കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ്  പരിശോധനയുടെ  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും അത് പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വേണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം മോളിക്യൂലാര്‍ പരിശോധനത്ത് വിധേയമാകണം. ഇതിനുള്ള ചെലവ് സ്വയം വഹിക്കണം. ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ, യൂറോപ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇത് ബാധകമാണ്. 

സിവില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ ഈ പുതിയ നിബന്ധനകള്‍ 2021 ഫെബ്രുവരി 22ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍, രണ്ട് യാത്രകള്‍ക്കിടയില്‍ ആറ് മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ സമയം ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധന നടത്തുന്നതിവാവശ്യമായി വരുന്ന സമയമാണിത്.

Related Articles

Leave a Reply

Back to top button