ചൂരൽമല അങ്ങാടി സുരക്ഷിതമല്ല, ശുപാർശ സമർപ്പിച്ച് വിദഗ്‌ധസമിതി

കൽപറ്റ: ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തൽ വയനാട്ടിൽ നടത്തണമെന്ന് വിദഗ്‌ധസമിതി. പ്രൊഫ. ജോൺ മത്തായി നേതൃത്വം നൽകിയ വിദഗ്‌ധസമിതിയുടെതാണ് ശുപാർശ. ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങളിൽ എവിടെ ഉരുൾപൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയിൽ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തും എന്നരീതിയിൽ മൈക്രോ സോണൽ സർവേ (സൂക്ഷ്മ പ്രാദേശിക സർവേ) നടത്തണമെന്നാണ് ശുപാർശ.
ജനകീയപങ്കാളിത്തത്തോടെ ഈ സർവേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും,ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വിദഗ്‌ധസമിതി റിപ്പോർട്ടിലുണ്ട്. ജില്ലയിലേത് ചുവന്ന പശിമരാശി മണ്ണായതിനാൽത്തന്നെ മണ്ണിടിച്ചിൽസാധ്യത കൂടുതലാണ് അത് കൊണ്ട് തന്നെ റോഡിനുവേണ്ടിയും കെട്ടിടനിർമാണത്തിനായും മണ്ണിടിച്ച് തിട്ടകളാക്കുമ്പോൾ രണ്ടരമീറ്ററിൽ കൂടുതൽ കട്ടിങ് ഉണ്ടാവരുതെന്നും നിർദ്ദേശമുണ്ട്.
ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയ്ക്കൊപ്പം മറ്റിടങ്ങളിലും ഈ ശ്രദ്ധയുണ്ടാവണം. അരുവികളും തോടുകളും തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾ അനുവദിക്കരുത്. ഉയർന്നമേഖലകളിൽ സ്വിമ്മിങ് പൂൾ നിർമാണത്തിലുൾപ്പെടെ നിയന്ത്രണങ്ങൾ വേണം.മുണ്ടക്കൈ- ചൂരൽമല ദുരന്തമേഖലയിൽ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്നും ഇവിടെ ആളുകളെ താമസിപ്പിക്കരുതെന്നും കൃത്യമായും ശുപാർശയിൽ പറയുന്നുണ്ട്.
36 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മുന്നൂറുമീറ്ററിലധികം ഉയരമുള്ള പ്രദേശം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി രണ്ടുദിവസങ്ങളിലായി പെയ്ത 572.8 മില്ലിമീറ്റർ മഴ, ദുരന്തമുണ്ടായ 30-ന് രണ്ട് മണിക്കൂറിൽ 50 മില്ലിമീറ്റർ മഴ ലഭിച്ചത്, കാറ്റിന്റെ ഗതിമാറ്റം തുടങ്ങിയ ഘടകങ്ങളാണ് ഉരുൾപൊട്ടലിന് പിന്നിലെന്നാണ് കമ്മിറ്റി പറയുന്നത്. അതേസമയം പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ വിസ്‌തീർണത്തിൽ ക്വാറികളില്ലെന്നും സമീപത്ത് ചെക്ഡാമുകൾപോലുള്ളവ ഇല്ലെന്നും ഇവയൊന്നും ദുരന്തത്തിന് കാരണമായില്ലെന്നും റിപ്പോർട്ടിലുണ്ട്







