Kozhikode

നിയമസഭ തെരഞ്ഞെടുപ്പ്; സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: ജില്ലയില്‍ സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ചെലവ് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കി. അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, സ്‌ക്വാഡ് മേധാവികള്‍ എന്നിവരുടെ യോഗം കലക്ട്രേറ്റില്‍ ചേര്‍ന്ന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പൊതുയോഗങ്ങളും മറ്റ് പ്രചാരണ പരപാടികളും സൂഷ്മമായി നിരന്തരം നിരീക്ഷിക്കും. പൊതുയോഗങ്ങളും റാലികളും വീഡിയോയില്‍ പകര്‍ത്താന്‍ സ്‌ക്വാഡുകള്‍ രംഗത്തുണ്ടാവും. പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ചെലവ് നിശ്ചയിച്ച് സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും ചെലവ് ഇനത്തില്‍ ഉള്‍പ്പെടുത്തും. 30.8 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥിക്ക് ആകെ ചെലവാക്കാവുന്നത്.

പോസ്റ്ററുകളും ലഘുലേഖകളും തയ്യാറാക്കുമ്പോള്‍ അവയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കിന്റെ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചെലവിന് മാത്രമായി പ്രത്യേകം ബാങ്ക് അക്കൗണ്ടും തുടങ്ങേണ്ടതാണ്. രേഖകളില്ലാതെ പണം കൈവശം വക്കുന്നത് തടയാന്‍ പ്രത്യേകം സ്‌ക്വാഡുകളെ ചുമതലപ്പെടുത്തയിട്ടുണ്ട്. ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാനാര്‍ത്ഥിക്ക് ഒരു ഏജന്റിനെ നിയോഗിക്കാവുന്നതാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, മുഹമ്മദ് സാലിക് പര്‍വേസ്, ശ്രീറാം വിഷ്‌ണോയ്, വിഭോര്‍ ബദോനി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, ജില്ലാ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ എ വി ജോര്‍ജ്, ഡോ. എ ശ്രീനിവാസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button