കോഴിക്കോട് ബംഗളൂരു ദേശിയ പാതയിലെ നവീകരണ പ്രവൃത്തി കാരണം താമരശ്ശേരി മേഖലയിലും, ചുരത്തിലും ഗതാഗതക്കുരുക്ക് രൂക്ഷം

താമരശ്ശേരി: കോഴിക്കോട് ബംഗളൂരു ദേശിയപാതയിലെ നവീകരണ പ്രവൃത്തി കാരണം താമരശ്ശേരി മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പെരുമ്പള്ളി ഭാഗത്ത് റോഡിലെ കയറ്റം കുറക്കുന്ന പ്രവൃത്തിയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. ആവശ്യമായ മുന്‍കരുതലുകളില്ലാതെയുള്ള പ്രവൃത്തിയാണ് ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. റോഡിന്റെ ഒരു ഭാഗത്ത് ഒന്നര മീറ്ററോറം ആഴത്തില്‍ മണ്ണ് നീക്കം ചെയ്യുകയും ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തി വിടുകയുമാണ് ചെയ്യുന്നത്. ഇതു കാരണം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്.
താമരശ്ശേരി ചുരത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ് അവസാനഘട്ട ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നത് മൂലമാണ് ചുരത്തിൽ ഇപ്പോൾ ഗതാഗത തിരക്ക് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വാഹനത്തിൻറെ ക്യു ആംബുലൻസിനു വരെ കടന്നുപോകാൻ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നു.
പ്രവൃത്തിക്കിടെ ഇരു ഭാഗത്തെയും വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഗതാഗതക്കരുക്ക് കൂടുതല്‍ രൂക്ഷമാക്കുകയാണ്. ഏറെ തിരക്കുള്ള അവധി ദിവസങ്ങളില്‍ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. ചെറിയ വാഹനങ്ങള്‍ പലവഴിക്ക് തിരിച്ചു വിടാനുള്ള സൗകര്യങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും ഉപയോഗപ്പെടുത്താതെയാണ് പ്രവൃത്തി നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ പ്രവൃത്തി നടത്തുന്നതിനാല്‍ ആബുലന്സുകള് ഉള്‍പ്പെടെ പെരുവഴിയിലാവുകയാണ്. ദേശീയ പാതയിലെ പ്രവൃത്തി രാത്രിയില്‍ നടത്തിയാല്‍ യാത്രാ ദുരിതം ഒഴിവാക്കാനാവും. ഇതിനുള്ള നടപടി സ്വീകരിക്കേണ്ടവര്‍ പക്ഷേ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല.






