Kerala

തെരഞ്ഞെടുപ്പ് പ്രചാരണം; ദേശീയ നേതാക്കള്‍ കേരളത്തില്‍ സജീവമാകുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കും.വെള്ളിയാഴ്ച ഉച്ചയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുന്നത് കോന്നി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതു പരിപാടിയിലാണ്. ശേഷം കന്യാകുമാരിയിലേക്ക് പോകും. വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകള്‍ക്ക് അനുമതി നല്‍കാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നും കുറ്റപ്പെടുത്തല്‍.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സൗകര്യമനുസരിച്ച് മറ്റൊരു വേദിയില്‍ പരിപാടി സംഘടിപ്പിക്കണമെന്നാണ് ആവശ്യം. ആര്‍മി റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചതിനാല്‍ വനിതാ ക്രിക്കറ്റ് വേദി നഷ്ടമായതും കത്തില്‍ ചൂണ്ടിക്കാട്ടി. കായികേതര പരിപാടികള്‍ നടത്തുന്നതു അന്താരാഷ്ട്ര നിലവാരമുള്ള മൈതാനം നശിപ്പിക്കുന്ന നടപടിയാണെന്നും കത്തില്‍ പറയുന്നു.

കേരളത്തില്‍ തുടരുന്ന പ്രിയങ്ക ഗാന്ധി ഇന്ന് കൊച്ചിയിലും രാഹുല്‍ ഗാന്ധി ഏപ്രില്‍ 3, 4 തിയതികളില്‍ കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും പൊതു പരിപാടികളില്‍ പങ്കെടുക്കും. കനയ്യ കുമാര്‍ ഇന്ന് മൂവാറ്റുപുഴ, ഒല്ലൂര്‍ എന്നിവിടങ്ങളിലാകും പങ്കെടുക്കുക. തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനോട് അനുബന്ധിച്ചു മൂന്നു മുന്നണികളുടെയും കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button