പ്ലസ് ടൂ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് മനപൂർവം വെട്ടിക്കുറച്ചതായി പരാതി

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷ എഴുതിയ കുട്ടികളുടെ മാർക്ക് ഇൻവിജിലേറ്റർ മനപൂർവം വെട്ടിക്കുറച്ചതായി പരാതി. സ്കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കാണ് അനാവശ്യമായി വെട്ടിക്കുറച്ചതായി സ്‌കൂൾ പരാതി ഉയരുന്നത്.
കെമിസ്ട്രി തിയറി പേപ്പറിലും മറ്റ് സബ്ജക്ടുകളുടെ തിയറി പ്രാക്ടിക്കൽ പേപ്പറുകളും നൂറ് ശതമാനം മാർക്ക് നേടിയ കുട്ടികൾക്കും കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയിൽ മാത്രം മാർക്ക് കുറച്ച സ്ഥിതിയാണുള്ളത്. തൊണ്ണൂറോളം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ മാർക്ക് നഷ്ടമായത്. ഇവരിൽ ഈ ക്രമക്കേട് മൂലം ഫുൾ എപ്ലസ് നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
എക്സ്റ്റേണൽ എക്സാമിനറായി വന്ന അദ്ധ്യാപകൻ പുല്ലൂരാംപാറ സ്കൂളിലെ വിദ്യാർത്ഥികളുടെ മാർക്ക് മനപ്പൂർവം കുറച്ചതാണെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും ആരോപിക്കുന്നത്. മറ്റ് എല്ലാ പരീക്ഷകൾക്കും നല്ല രീതിയിൽ മാർക്ക് നേടിയ ഇത്രയേറെ കുട്ടികൾക്ക്, കേവലം ഒരു പരീക്ഷയിൽ മാത്രം മാർക്ക് കുറയുവാൻ മറ്റൊരു കാരണവും ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി എക്സാം സെൽ ജോയിന്റ് ഡയറക്ടർ അടക്കമുള്ളവർക്ക് വിദ്യാർത്ഥികളും സ്കൂൾ അധികൃതരും പരാതി സമർപ്പിച്ചുകഴിഞ്ഞു. ഡിഗ്രി, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകൾ തുടങ്ങിയവയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും മുമ്പ് പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്ത പക്ഷം തൊണ്ണൂറോളം കുട്ടികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നത് ആശങ്കയുയർത്തുന്ന കാര്യമാണ്.
കോവിഡ് കാലഘട്ടത്തിൽ നിരവധി പ്രതിസന്ധികളെ മറികടന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികളോട് കാണിച്ച ഈ അതിക്രമം സർക്കാർ നയങ്ങൾക്കും നിർദ്ദേശങ്ങൾക്കും എതിരാണെന്നും വിദ്യാഭ്യാസ വകുപ്പിനെ തന്നെ കരിവാരിതേക്കുന്ന തരത്തിലുള്ളതുമാണെന്നും വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് സത്വര പരിഹാര നടപടികൾ ഉണ്ടാവണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂൾ അധ്യാപകരും ആവശ്യപ്പെടുന്നു.







