കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തു. ഇതോടെ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 61 ആയി. കോവിഡ് കേസുകൾ പ്രതിദിനം കൂടി വരുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് രണ്ടാംഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും സുരഷിതാരാക്കുക എന്ന ലക്ഷ്യത്തോടെ ഊർജിതമായ പരിപാടികളാണ് ഭരണസമിതിയും ആരോഗ്യവകുപ്പും സ്വീകരിച്ചിട്ടുള്ളത്. വിവിധ മതസ്ഥാപനങ്ങൾ, ജനങ്ങൾ ഒരുമിച്ച് കൂടുന്ന അങ്ങാടികൾ, പൊതു ഇടങ്ങൾ എന്നിവ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരീക്ഷിക്കുകയും ബോധവത്കണം നടത്തുകയും ചെയ്യും.
എ ഡി എസ്, കുടുംബശ്രീ എന്നിവ മുഖേന കുത്തിവെപ്പ് നടത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കും. കോവിഡ് പ്രതിരോധത്തിനായി തെരെഞ്ഞെടുക്കപ്പെട്ട ആർ ആർ ടി വളണ്ടിയർമാർക്ക് കിലയുടെ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണം, നിയമലംഘനം നടത്തുന്നവർക്ക് സ്പോട്ട് ആർ ടി പി സി ആർ, ആരോഗ്യ വിദഗ്ദ്ധരുടെ ക്ലാസുകൾ, വാക്സിൻ രാവ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്.







