Kozhikode

രാഹുൽ ഗാന്ധിയുടെ റോഡ്ഷോയുടെ ഇടയിലേക്ക് രോഗിയില്ലാത്ത ആംബുലൻസ് കയറ്റിവിട്ടു

കോഴിക്കോട്∙ രാഹുൽഗാന്ധിയുടെ റോഡ്ഷോയ്ക്കിടയിലേക്ക് രോഗിയില്ലാത്ത ആംബുലൻസ് കടത്തിവിട്ടു; റോഡ്ഷോയിലെ വാഹനത്തിൽ ഇടിച്ച ആംബുലൻസ് പ്രവർത്തകർ തടഞ്ഞു. പൊലീസുമായി വാക്കേറ്റവുമുണ്ടായി. റോഡ്ഷോയിൽ രാഹുൽഗാന്ധി പ്രസംഗിക്കുന്നതിനിടെയാണ് ഗാന്ധിറോഡ് ഭാഗത്തുനിന്നുവന്ന ആംബുലൻസിനെ പൊലീസ് കടത്തിവിട്ടത്. രാഹുൽഗാന്ധി പ്രസംഗിക്കുന്നതിനിടെ ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ടിരുന്നു. തുടർന്ന് രാഹുൽ പ്രസംഗംഅവസാനിപ്പിക്കുമ്പോൾ ആംബുലൻസ് കടത്തിവിടാൻ പറയുകയും ചെയ്തു. എന്നാൽ സംശയം തോന്നിയ അണികൾ ഡ്രൈവറെ ചോദ്യം ചെയ്തു.

വാഹനത്തിൽ രോഗിയുണ്ടെന്നാണ് ഡ്രൈവർ പറഞ്ഞത്. തുടർന്ന് പിന്നിലെ വാതിൽ തുറന്നപ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല. ഇതോടെ അണികൾ ക്ഷുഭിതരായി. ഡ്രൈവറുമായി വാക്കേറ്റമായതോടെ പൊലീസെത്തി ആംബുലൻസ് കടത്തിവിട്ടു. മുന്നോട്ടെടുത്ത ആംബുലൻ ലീഗ് പ്രവർത്തകന്റെ കാറിലിടിച്ചു മുന്നിലെ വാതിൽ തകരുകയും ചെയ്തു. തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഐഡികാർഡ് പിടിച്ചുവാങ്ങുകയും ചെയ്തതോടെ വീണ്ടും പൊലീസ് ഇടപെട്ടു. എന്നാൽ രോഗിയില്ലാത്ത ആംബുലൻസ് വഴിതിരിച്ചുവിടാതെ റോഡ്ഷോയ്ക്കിടയിലേക്ക് കടത്തിവിട്ടത് മനപ്പൂർവമാണെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസുമായി വാക്കേറ്റത്തിലായി.

Related Articles

Leave a Reply

Back to top button