Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതിന് ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി, സിപിഐഎം എന്നിവരാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും. കൂടാതെ, രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിയമ മന്ത്രാലയം ശുപാർശ ചെയ്തിരുന്നു. പുതിയ നിയമ സഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നുവെന്നും കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏപ്രിൽ 21 ന് മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഈ മാസം 31 നകം നാമനിർദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, മാർച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button