Kerala

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല. ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരസിച്ചു.

കേരളത്തെ ഒന്നടങ്കം നടുക്കിയ വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനൗദ്യോഗിക വിലക്കുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ വാക്കാലുള്ള വിലക്ക് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായിരുന്നെങ്കിലും വിമാനത്താവളധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് വലിയ വിമാനങ്ങളുടെ സര്‍വീസുമായി മുന്നോട്ടു പോകാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചത്. കോവിഡ് ചികിത്സക്ക് സഹായിക്കാനായി കേരളത്തില്‍ നിന്ന് പോയ നഴ്‌സുമാരുടെ തിരിച്ചുവരവിനായി സൗദി എയര്‍ലൈനിന്റെ ഇ കാറ്റഗറി വിമാനമാണ് തയാറാക്കിയിരുന്നു.

ഈ മാസം 14 നാണ് യാത്ര നിശ്ചയിച്ചത്. യാത്രക്ക് അനുമതി തേടി സൌദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ സമീപിച്ചു. അനുമതി ഏറെക്കുറെ ലഭിച്ചു എന്ന് വിമാനത്താവള അധികൃതര്‍ കരുതിയ ഘട്ടത്തിലാണ് അനുമതി നിഷേധിച്ച് ഡി.ജി.സി.എ നിര്‍ദ്ദേശം വരുന്നത്.

കരിപ്പൂരിന് തിരിച്ചടിയാണ് ഡി.ജി.സി.എയുടെ തീരുമാനം. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ലഭിക്കാതിരിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം തടസപ്പെടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാനം സര്‍വീസുകള്‍ പോകാനും ഇത് കാരണമാകും.

Related Articles

Leave a Reply

Back to top button