Kozhikode

കോവിഡ്: മറുനാടൻ തൊഴിലാളികൾ മടങ്ങുന്നു

കോഴിക്കോട് : കോവിഡ് വ്യാപനത്തെത്തുടർന്ന് ഹോട്ടൽമേഖലയിലുൾപ്പെടെ ജോലിയില്ലാതായതോടെ മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. ശനി, ഞായർ ദിവസങ്ങളിലായി ബംഗാളിലേക്കും ഒഡിഷയിലേക്കുമുള്ള യാത്രക്കാരുടെ വലിയ തിരക്കായിരുന്നു കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ. ‘ഇവിടെ പണികുറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺകാലത്ത് ഇവിടെ കുടുങ്ങിപ്പോയതാണ്. ഇനി നാട്ടിലേക്ക് പോവുകയാണെന്ന് ഒഡിഷയിൽ നിന്നുള്ള മുർഷിദ് പറഞ്ഞു. എന്നാൽ ബംഗാളിൽ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് പോവുന്നതെന്നും ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനെ കൂട്ടത്തോടെ മടങ്ങുന്നതെന്ന് അറിയില്ലെന്നും പശ്ചിമബംഗാളുകാരനായ അക്തർ പറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺകാലത്ത് തൊഴിലാളികൾ ഭക്ഷണംപോലുമില്ലാതെ വിഷമിച്ചിരുന്നു. അതുകൊണ്ട് ഇനി ഒരു ലോക്ഡൗൺ ഉണ്ടായാൽ ഇവിടെ അകപ്പെട്ടുപോവുമോ എന്ന ഭീതിയുമുണ്ട് തൊഴിലാളികൾക്ക്.

കോഴിക്കോട്ട് ഹോട്ടൽ മേഖലയിൽ പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാരുണ്ട്. അതിൽ 30 ശതമാനം പേരും മടങ്ങിക്കഴിഞ്ഞെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി.വി. മുഹമ്മദ് സുഹൈൽ പറഞ്ഞു. റംസാനുപുറമേ കോവിഡ് നിയന്ത്രണങ്ങളും കൂടിയായതിനാൽ പലഹോട്ടലുകളും പൂട്ടി. ഉള്ളതിൽത്തന്നെ പലതിലും കച്ചവടവും തീരേ കുറഞ്ഞു. മറുനാട്ടിൽ നിന്നുള്ള തൊഴിലാളികൾക്ക് താമസസൗകര്യവും ഭക്ഷണവും നൽകി നിർത്താൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മറുനാടൻ തൊഴിലാളികളുടെ മടക്കം നിർമാണമേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്‌നം പറഞ്ഞു.

ഉത്തരേന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ മടക്കം കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ളവയെ ബാധിച്ചുതുടങ്ങിയിട്ടേയുള്ളൂ. നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് കരാറുകാരോട് തൊഴിലാളികൾ പറയുന്നത്.

Related Articles

Leave a Reply

Back to top button