India

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുമെന്ന് ഈ 16 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന അവസരത്തില്‍ 16 സംസ്ഥാനങ്ങള്‍ കോവിഡ് 19-നെതിരെ വ്യാപകമായി വാക്സിനേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മധ്യപ്രദേശ്: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. “ഇന്ത്യന്‍ ഗവണ്മെന്റിന്റെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വഴിയേ പുറത്തുവിടും. എന്നാല്‍, 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മധ്യപ്രദേശില്‍ സൗജന്യമായി വാക്സിന്‍ നല്‍കും”, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

ജമ്മു കശ്മീര്‍: “18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ആവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കും”, ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഹിമാചല്‍ പ്രദേശ്: 18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാരും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗോവ: 18-നും 45-നും ഇടയില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ഗോവസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു.

കേരളം: സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഛത്തീസ്ഗഢ്: “18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കും.  പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും” എന്ന് സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പിലൂടെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ ആഴ്ച പ്രഖ്യാപിച്ചു. 

ബീഹാര്‍: 18 വയസിന് മുകളില്‍ പ്രായമുള്ള ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത്സോറന്‍ അറിയിച്ചു.

ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശില്‍ 18 വയസിന് മുകളിലുള്ള ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ചൊവ്വാഴ്ച അറിയിച്ചു.

ആസാം: ആസാം സര്‍ക്കാരും 18 വയസിന് മുകളില്‍ പ്രായമുള്ള ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കും.

സിക്കിം: സംസ്ഥാനത്ത് 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് 19 വാക്സിന്‍ ലഭ്യമാക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ബുധനാഴ്ച പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്സിനേഷന്റെ ചെലവ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ ബംഗാള്‍: 18-ന് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം സംസ്ഥാനത്ത് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

തമിഴ്നാട്: 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് തമിഴ്നാട് ഗവണ്മെന്റുംവ്യാഴാഴ്ച അറിയിച്ചു.

ആന്ധ്ര പ്രദേശ്: 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് സഹ മുഖ്യമന്ത്രി അല്ല കൃഷ്ണ ശ്രീനിവാസ് അറിയിച്ചു.

തെലങ്കാന: പ്രായഭേദമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തെലങ്കാനസര്‍ക്കാര്‍ കോവിഡ് 19 വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ശനിയാഴ്ച അറിയിച്ചു.

ഹരിയാന: ഹരിയാനയിലെസര്‍ക്കാര്‍ ആശുപത്രികളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ലാല്‍ ഖട്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button