Karassery

ഓടത്തെരുവിൽ സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കൊടും വളവുകളും കുത്തനെ ഇറക്കവുമുള്ള ഓടത്തെരുവ് വളവിലാണ് കരിങ്കൽക്കെട്ട് ഇടിഞ്ഞു തകരുന്നത്. മണ്ണിട്ടുയർത്തിയ റോഡ് ഇടിയാതിരിക്കാൻ വേണ്ടി നിർമിച്ച കരിങ്കൽക്കെട്ടാണ് ഇടിയുന്നത്. നേരത്തേ ഉണ്ടായിരുന്ന ദുർബലമായ കെട്ട് പല ഭാഗത്തും വിള്ളൽ വീണ നിലയിലായിരുന്നു. ഈ കെട്ടിൽത്തന്നെ ബാക്കിഭാഗം കൂടി കരിങ്കല്ല് കെട്ടി സിമൻറ് തേക്കുകയായിരുന്നു. പഴയ കെട്ട് വിള്ളൽ വീണ് ദുർബലമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിട്ടും അത് പരിഗണിക്കാതെ നിർമ്മാണം നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ കെട്ടിനടയിൽപ്പെട്ട് സ്കൂട്ടറിന് കേട്പാടുകൾ ഉണ്ടായിരുന്നു. കരിങ്കൽ കെട്ടിടിഞ്ഞുവീണ ഭാഗത്തെ നടവഴിയും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി. ടാറിങ്ങിനോട് ചേർന്ന് ഈ വശത്ത് പലയിടത്തും മണ്ണ് താണതിനാൽ വിള്ളൽവീണ അവസ്ഥയുമുണ്ട്. ഭാരവാഹനങ്ങൾ ഈ വശത്തുകൂടിചേർന്ന് വന്നാൽ റോഡ് വീണ്ടുംതാഴാൻ സാധ്യതയുണ്ട്. റോഡ് താഴ്ന്നാൽ കരിങ്കൽക്കെട്ടിനേയും ബാധിക്കും. വളരെ നല്ല ബലത്തിൽ ബൽറ്റ് വാർത്തും കോൺക്രീറ്റ് ചെയ്തും ദൃഢപ്പെടുത്തേണ്ട ഭാഗത്താണ് ദുർബലമായ കെട്ട് നിർമിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം. മഴക്കാലമായാൽ ഉറവയും വെള്ളത്തിന്റെ ഒഴുക്കും ഉള്ള ഭാഗമാണ് ഇവിടം. മാടാമ്പുറം, ഓടത്തെരുവ്, കറുത്തപറമ്പ് ഭാഗങ്ങളിൽ ടാർ ചെയ്ത റോഡ് പലഭാഗത്തും താണുപോയിരുന്നു. ഇവയിൽ കുറേ ഭാഗം പൊളിച്ച് റീടാർ ചെയ്തു. ടാറിങ് കഴിഞ്ഞതോടെ മാടാമ്പുറം ഭാഗത്തെ വളവുകളിൽ വാഹനങ്ങൾ തെന്നി നീങ്ങുന്നതും മറിയുന്നതും കൂട്ടിയിടിക്കുന്നതും പതിവായിരുന്നു. കൂടുതൽ അപകടങ്ങൾ ഉണ്ടായ ഭാഗങ്ങളിൽ റമ്പിൾ സ്ട്രിപ്പ് നിർമിച്ചതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Back to top button