മുക്കം കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ചു

മുക്കം: നഗരത്തിലെ കാരശ്ശേരി സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സൂപ്പർമാർക്കറ്റിലെ ഉപയോഗശൂന്യമായ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടർന്നത്. പാഴ്വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇതിലുണ്ടായിരുന്നത്. തൊട്ടടുത്ത കടയിൽ ചായകുടിക്കാനെത്തിയവർ മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ടയുടനെ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടടുത്ത് തന്നെയാണ് മുക്കം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രമുഖ തുണിക്കടയും പ്രവർത്തിക്കുന്നത്. സീനിയർ ഫയർ ഓഫീസർ ബാബു, ഫയർ ഓഫീസർമാരായ മിഥുൻ, മനു പ്രസാദ്, മഹേഷ്, സുബിൻ, ഹോം ഗാർഡ് ചാക്കോ ജോസഫ് തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി







