ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

കോഴിക്കോട്: ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മേയ് രണ്ടിന് രാവിലെ എട്ടുമുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടപടിക്രമങ്ങൾ. കോവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിക്കുന്നത്.
വടകര-37, കുറ്റ്യാടി- 40, കൊയിലാണ്ടി -34, എലത്തൂർ-35, കോഴിക്കോട് സൗത്ത്-34 എന്നിങ്ങനെയും നാദാപുരം, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ 28 വീതവുമാണ് ടേബിൾ വിന്യാസം. ടേബിളുകളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ മാറ്റം വന്നേക്കും.
വോട്ടെണ്ണലിനായി 617 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 750 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 837 മൈക്രോ ഒബ്സർവർമാർ എന്നിവരെ കൂടാതെ വരണാധികാരികൾ, ഉപ വരണാധികാരികൾ, ഡാറ്റാ എൻട്രി, ടാബുലേഷൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്ന് പൂർത്തിയാവും. വോട്ടെണ്ണൽ വിവരങ്ങൾ എൻകോർ പോർട്ടൽ വഴി തത്സമയം ലഭ്യമാക്കും. ഉദ്യോഗസ്ഥർക്കും സ്ഥാനാർത്ഥികളുടെ കൗണ്ടിംഗ് ഏജന്റുമാർക്കുമായിരിക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം. തെർമൽ സ്കാനിംഗ്, മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കും.
മണ്ഡലം, കൗണ്ടിംഗ് കേന്ദ്രം;
വടകര – ഗവ. കോളജ് മടപ്പള്ളി, കുറ്റ്യാടി – മേമൂണ്ട ഹയർ സെക്കൻഡറി സ്കൂൾ, നാദാപുരം – ഗവ. ഗേൾസ് എച്ച്എസ്എസ് മടപ്പള്ളി, കൊയിലാണ്ടി – ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി, പേരാമ്പ്ര – പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, ബാലുശേരി – മർക്കസ് ഹൈസ്കൂൾ ബാലുശേരി, എലത്തൂർ – വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട് നോർത്ത് – ജെഡിടി ഇസ്ലാം പോളിടെക്നിക് വെള്ളിമാട്കുന്ന്, കോഴിക്കോട് സൗത്ത് – മലബാർ ക്രിസ്ത്യൻ കോളജ് എച്ച്എസ്എസ്, ബേപ്പൂർ – ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കുന്നമംഗലം- കോഴിക്കോട് ഗവ. ലോ കോളജ് വെള്ളിമാട്കുന്ന്, കൊടുവള്ളി – കെഎംഒ എച്ച്എസ്എസ്, തിരുവമ്പാടി – സെന്റ് അൽഫോൻസ സീനിയർ എസ്എസ് കോരങ്ങാട്, താമരശേരി.







