കോവിഡ് ബാധിതരുടെ ആംബുലൻസ് ഡ്രൈവറായി വൈസ് പ്രസിഡന്റ്

താമരശ്ശേരി∙ കോവിഡ് മൂർഛിച്ച രോഗിയെ കയറ്റിയ ആംബുലൻസ് ഓടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ജനപ്രതിനിധി. പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിലാണ് ആംബുലൻസ് ഡ്രൈവറെ കാത്തു നിൽക്കാതെ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രാവിലെ കൊട്ടാരക്കോത്തുള്ള കോവിഡ് ബാധിതനെ കോഴിക്കോട്ടെ ആശുപത്രിൽ എത്തിച്ചു മടങ്ങുമ്പോഴാണ് 11ാം വാർഡായ കുപ്പായക്കോട്ടുനിന്നു കോവിഡ് ബാധിതനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടറുടെ വിളി വന്നത്.
ഈങ്ങാപ്പുഴയിലേക്ക് എത്താൻ ആവശ്യപ്പെട്ട ഡ്രൈവറുടെ ബൈക്ക് അപകടത്തിൽ പെട്ട് വൈകിയതിനെ തുടർന്ന് ഷംസീർ തന്നെ കുപ്പായക്കോട് എത്തി രോഗബാധിതനെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഉടൻ തന്നെ കോവിഡ് നെഗറ്റീവായ വരെ തിരിച്ചുകൊണ്ടു പോകാനുണ്ടെന്നും വിവരം ലഭിച്ചു. വൈകിട്ട് 7.30 ന് ഇവരെയും വീട്ടിലെത്തിച്ചാണ് ഷംസീർ സ്വന്തം വീട്ടിലേക്കു പോയത്. കോഴിക്കോട് ‘നന്മയ്ക്കൊരു കൈത്താങ്ങ്’ സംഘടന പുതുപ്പാടി പഞ്ചായത്തിനു കോവിഡ് പ്രവർത്തനത്തിനായി വിട്ടുകൊടുത്ത ആംബുലൻസിലാണ് രോഗികളെ ആശുപത്രിയിൽ എത്തിച്ചത്.






