Mukkam

കോവിഡ് ഡൊമിസെൽ കെയർ സെൻ്ററിനായി മസ്ജിദ് വിട്ടു നൽകി മാതൃകയായി

കൊടിയത്തൂർ : ആരാധനകളും ആരാധനാലയങ്ങളും മനുഷ്യനന്മക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ മാത്രമേ അതിൻ്റെ യഥാർത്ഥ ഫലം ലഭിക്കുകയുള്ളൂ. അത്തരത്തിലൊരു വാർത്തയാണ് കോഴിക്കോടിൻ്റെ കിഴക്കൻ മേഖലയിൽ പന്നിക്കോട് ഗ്രാമത്തിനും പറയാനുള്ളത്.ഈ മഹാമാരിക്കാലത്ത്
പള്ളി ആരാധാനാലയം മാത്രമല്ല, സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായും അതിൻ്റെ വാതിലുകൾ തുറക്കപ്പെടും എന്നതിന് പന്നിക്കോട് ലൗ ഷോറിലെ ഈ പള്ളി തന്നെ സാക്ഷി.

കോവിഡ് മഹാമാരി അതിജീവന പ്രക്രിയകളിൽ മികച്ച സാമൂഹിക ഇടപെടൽ നടത്തി മാതൃകയായിരിക്കുന്നത് ലൗ ഷോർ മസ്ജിദിനൊപ്പം ഈ ഭിന്നശേഷി വിദ്യാലയം കൂടിയാണ്.
സമൂഹത്തിൻ്റെ കാരുണ്യത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കേന്ദ്രമായ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂളിലെ പള്ളി ഇന്ന് കോവിഡ് രോഗികൾക്കായി പ്രവർത്തിക്കുന്ന ഡൊമിസെൽ കെയർ സെൻ്ററാണ്.

ലൗ ഷോർ കാമ്പസിലെ വിശാലമായ മസ്ജിദാണ് പഞ്ചായത്തിൻ്റെ ഡി.സി.സിയായി പ്രവർത്തിക്കാൻ തുറന്നിട്ടു കൊടുത്തിരിക്കുന്നത്.
നിലവിൽ അഞ്ച് പേർ ഇവിടെ കഴിയുന്നു. മുപ്പതു പേർക്കുള്ള സൗകര്യങ്ങളുണ്ടന്ന് ലൗ ഷോർ ചെയർമാൻ യു.എ മുനീർ പറഞ്ഞു.

മസ്ജിദ് ഡി.സി.സിയായി പ്രവർത്തിക്കാൻ വിട്ടുതന്ന ലൗ ഷോർ സ്ഥാപനാധികൃതരെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button