India

കൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചു

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന് കിട്ടും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുൻകൂറായി നൽകിയത്. 

അതേസമയം, 24 മണിക്കൂറിനിടെ നാല് ലക്ഷത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയെട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. 4092 പേര്‍ ഇന്നലെ മാത്രം മരിച്ചു. മുപ്പത്തിയേഴ് ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അന്‍പതിനായിരം പേര്‍ ഐസിയുവിലും, പതിനാലായിരം പേര്‍ വെന്‍റിലേറ്ററിലുമാണെന്ന് ആരോഗ്യമന്ത്രാലയം ഇതാദ്യമായി അറിയിച്ചു.

13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. പ്രതിദിന രോഗബാധ ഇപ്പോള്‍ നാല് ലക്ഷത്തിന് മുകളിലാണെങ്കിലും ആഴ്ചകളിലെ ശരാശരി കണക്കില്‍ നേരിയ കുറവുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 

അതിനിടെ, കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്നും രംഗത്തെത്തി. രാജ്യത്തിന് ഇപ്പോള്‍ അത്യാവശ്യം പ്രാണവായുവാണെന്നും  പ്രധാനമന്ത്രിയുടെ രമ്യഹര്‍മ്മമല്ലെന്നും സെന്‍ട്രന്‍ വിസ്ത പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button