തിരുവമ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് അടിയന്തര സഹാചര്യങ്ങളിൽ മെഡിക്കൽ സഹായം എത്തിക്കുന്നതിനായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് യൂണിറ്റിന് നേതൃത്വം നൽകുന്ന ഡോ. ജലീൽ, ആരോഗ്യ പ്രവർത്തകരായ രമ്യ, നീതു എന്നിവർക്ക് മൊബൈൽ ക്ലിനികിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി നിർവഹിച്ചു.
വീടുകളിൽ കഴിയുന്ന 300 ൽ അധികം രോഗികൾക്ക് ആവശ്യഘട്ടങ്ങളിൽ അടിയന്തിര മെഡിക്കൽ സഹായം നൽകുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ ഡ്രൈവർ ചുമതല വഹിക്കുന്നത് വാഹന ഉടമയായ വിവേകാണ്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെംബർ ഷൗക്കത്ത്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, ജെ എസ് രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവർ വാർഡ് മെമ്പർമാരുമായി ബന്ധപെടാവുന്നതാണ്.







