Mukkam
മണൽ കടത്ത് വ്യാപകം : കടവുകൾ പോലീസ് കല്ലിട്ട് അടച്ചു

കൊടിയത്തൂർ : കോവിഡ് പ്രതിരോധത്തിനുതന്നെ സമയംതികയാതെ കഠിനാധ്വാനംചെയ്ത് കുഴങ്ങുന്ന പോലീസിന് തലവേദനയായി മണൽക്കൊള്ളക്കാർ. ഇതോടെ പോലീസ് ഇരുവഞ്ഞിപ്പുഴയിലെ കടവുകകളിലേക്ക് ലോറിയിറക്കുന്ന വഴികൾ കരിങ്കല്ലിട്ടടച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിലാണ് രാത്രികാലങ്ങളിൽ വ്യാപകമായി മണൽവാരൽ നടക്കുന്നത്.
ഇതേക്കുറിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന ശക്തമാക്കുകയും കഴിഞ്ഞദിവസം ഒരു ലോറി കൊടിയത്തൂർ ചെറുവാടിയിൽ കടവിൽവെച്ച് പിടികൂടുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടർ ശ്രീനിവാസിന്റെ നിർദേശപ്രകാരം കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്തവിധം വെള്ളിയാഴ്ച കല്ലിട്ടടച്ചു. എസ്.ഐ. കെ. രാജീവൻ, എ.എസ്.ഐ. സലിം മുട്ടാത്ത്, ഹോംഗാർഡ് ഷൈജു എന്നിവർ നേതൃത്വംനൽകി.







