ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാത : പദ്ധതിക്ക് ജീവൻവെക്കുന്നു

തിരുവമ്പാടി : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ നിർദിഷ്ട ആനക്കാംപൊയിൽ-മേപ്പാടി തുരങ്ക പാതയ്ക്കായുള്ള നടപടികൾ ഊർജിതപ്പെടുത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അബ്രഹാം, സെക്രട്ടറി കെ.കെ. രാഗേഷ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കർ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ സന്ദർശിച്ചു. ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും ചർച്ച നടത്തി.
സംസ്ഥാനത്തെ 30 വൻകിട പദ്ധതികളിൽ തുരങ്കപാത നിർമാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മാസംതോറും പുരോഗതി വിലയിരുത്താനും ഇത്‌കൊണ്ടാകും. പ്രത്യേക സ്വതന്ത്രവകുപ്പിന് കീഴിലായിരിക്കും വൻകിട പദ്ധതികൾ നടപ്പാക്കുക. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് ഇത് സംബന്ധിച്ച് ഉന്നതതലയോഗം ചേരുമെന്ന് ലിന്റോ ജോസഫ് അറിയിച്ചു.
പൊതുമരാമത്ത്, ടൂറിസം, വനം വകുപ്പ് മന്ത്രിമാർ ജില്ലയിൽനിന്നുള്ളവരായത് മലയോര മേഖലയുടെ വികസന പ്രതീക്ഷകൾക്കും ആക്കം കൂട്ടുകയാണ്. തന്റെ പ്രഥമപരിഗണന തുരങ്ക പാതയ്ക്കായിരിക്കുമെന്ന് എം.എൽ.എ. ലിന്റോ ജോസഫ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസംതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പൂർണമായും വനഭൂമിയിലൂടെയുള്ള പദ്ധതിക്ക് വനം വകുപ്പിന്റെ സഹകരണം അനിവാര്യമാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കലാണ് പ്രധാന കടമ്പ. ഇതിനായി ശക്തമായ സമ്മർദങ്ങൾ നടത്തേണ്ടതുണ്ട്.
കഴിഞ്ഞ പിണറായി സർക്കാർ കിഫ്ബിയിൽനിന്ന് 658 കോടിരൂപ അനുവദിച്ച് ഭരണാനുമതി നൽകിയ പദ്ധതിയാണിത്. മൊത്തം ആയിരംകോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷന് ആണ് നിർമാണച്ചുമതല. ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമിറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടയിലേക്കുള്ള ദൈർഘ്യവും ഗണ്യമായി കുറയ്ക്കാനുതകുന്ന സ്വപ്ന പദ്ധതിക്കാണ് ജീവൻവെക്കുന്നത്.







