സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷം. നടപടി സ്വീകരിക്കണമെന്ന് മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം

മുക്കം: ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി മലയോര മേഖല കെ.എസ്.ആർ.ടി.സി. ഫോറം.
സമീപ സ്ഥലങ്ങളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞത് മൂലം ആദിവാസികളും കർഷകരുമുൾപ്പെടെയുള്ള മലയോരജനത യാത്രാദുരിതമനുഭവിക്കുന്നതായും ഇവർ പറഞ്ഞു.
പാറത്തോട് അങ്ങാടിക്കും ക്രിസ്ത്യൻ പള്ളിക്കും ഇടയിലെ വ്യൂ പോയിന്റ് ബസ് സ്റ്റോപ്പിന് സമീപമാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത്. ഇടിഞ്ഞതിനു സമീപമുള്ള വീട്ടുകാർ ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്.
പാറത്തോടിനും മാങ്കുഴിപാലത്തിനും ഇടയിൽ റോഡ് തകർന്നു കിടക്കുകയാണ്. കഴിഞ്ഞ 2 വർഷമായി ഈ റോഡിൽ കാര്യമായ അറ്റ കുറ്റപണികൾ ഒന്നും തന്നെ നടക്കുന്നില്ല. കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രം സർവീസ് നടത്തുന്ന ഈ റൂട്ടിൽ ജനങ്ങൾക്ക് മറ്റൊരു യാത്രാമാർഗവും ഇല്ലാത്ത അവസ്ഥയാണ്. ലോക്ഡോൺ കഴിഞ്ഞു ബസുകൾ സാധരണ പോലെ ഓടി തുടങ്ങുമ്പോഴേക്കും തകർന്ന റോഡും സംരക്ഷണ ഭിത്തിയും നന്നാകാത്തിരുന്നാൽ ഉള്ള യാത്രമാർഗവും ഇല്ലാതാകുമോ എന്ന ചിന്തയിലാണ് ഈ മലയോര മേഖല.
മുക്കത്തേക്കും സിവിൽ സ്റ്റേഷനിലേക്കും ആകെ ഉള്ള കെ.എസ്.ആർ.ടി.സി. ബസ് കൂടി ഇല്ലാതായാൽ ജനങ്ങൾ 5-6 കിലോമീറ്റർ കാൽനട യാത്ര ചെയ്തോ, കൂടുതൽ പണം നൽകി ടാക്സി വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവും. സംരക്ഷണ ഭിത്തി പുനർ നിർമിക്കുകയും ഫാത്തിമ ഗേറ്റ് മുതൽ തോട്ടുമുക്കം വരെ റോഡ് റീ ടാർ ചെയ്തു ഗതാഗതാ യോഗ്യമാക്കുവാനുള്ള നടപടി അധികൃതർ ഉടൻ കൈക്കൊള്ളണമെന്നും മലയോര മേഖല കെ.എസ്.ആർ.ഫോറം പ്രസിഡന്റ് ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും അധികൃതരോടും രേഖമൂലം ആവശ്യപ്പെട്ടു.







