തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ

തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന തിരുവമ്പാടി-പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളൽ.അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളലിനെത്തുടർന്ന് പാലത്തിന്റെ വശം ഇടിഞ്ഞു പുഴയെടുക്കുന്ന മട്ടിലാണുള്ളത്.
ഹെവി വാഹനങ്ങൾ നിരന്തരം കുതിച്ചുപായുന്ന റോഡാണിത്. കൈവരികളില്ല. തൂണുകളാകട്ടെ, കാലപ്പഴക്കം ചെന്ന് ദ്രവിച്ചനിലയിലും. പാലത്തോട് ചേർന്നാണ് റോഡ് വിണ്ടുകീറിയത്. അപായ മുന്നറിയിപ്പുകളൊന്നുംതന്നെ നാട്ടിയിട്ടില്ല. വൻ ഭീഷണി ഉയർത്തുന്ന പരുവത്തിലാണ് പാലത്തിലെ വിള്ളൽ.
അര നൂറ്റാണ്ടോളം പഴക്കമുള്ളതാണ് പാലം. മൂന്ന് വർഷംമുമ്പ് ഒരു കാർ പാലത്തിൽനിന്ന് നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് ആളപായമുണ്ടായില്ല. ഇരുവശങ്ങളിലും കാട് മൂടിക്കിടക്കുന്നതും അപകടഭീഷണി ഇരട്ടിപ്പിക്കുന്നു.
ചരക്ക് ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റൂട്ടിൽ ലോക് ഡൗണിന് മുമ്പ് പത്തോളം ബസുകൾ പല ട്രിപ്പുകളിലായി സർവീസ് നടത്തിയിരുന്നു. പുല്ലൂരാംപാറ റൂട്ടിൽ വല്ല ഗതാഗതസ്തംഭനവുമുണ്ടായാൽ മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, കരിമ്പ്, പുല്ലൂരാംപാറ, കൊടക്കാട്ട്പാറ, പൊന്നാങ്കയം നിവാസികൾ ആശ്രയിക്കുന്ന ഏക സഞ്ചാരമാർഗമാണ് ഈ പാലം.
നിർദിഷ്ട വയനാട് തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന പാലം നിർദിഷ്ട മലയോര ഹൈവേയുമായും ബന്ധപ്പെടാൻ ഉപകരിക്കുന്നതാണ്. തിരുവമ്പാടിയിൽനിന്ന് നാല് കിലോമീറ്റർ അകലെ വഴിക്കടവ് പുഴയ്ക്ക് കുറുകെയാണ് പാലം. ഒമ്പതുമീറ്റർ വീതിയുള്ള റോഡ് കടന്നുപോകുന്ന റൂട്ടിലാണ് വിസ്താരം കുറഞ്ഞ പാലം. കേവലം മൂന്നുമീറ്റർ വീതിയാണ് പാലത്തിനുള്ളത്.
1974-ലാണ് പാലം നിർമിച്ചത്. പി.ഡബ്ല്യു.ഡി. അധീനതയിലാണിപ്പോൾ. കഴിഞ്ഞ പിണറായി സർക്കാർ 2021 വർഷ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതാണ്. പാലംനിർമാണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോയതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.






