താമരശ്ശേരിയില്‍ കോവിഡ് വ്യാപനം വീണ്ടും അതി രൂക്ഷം

താമരശ്ശേരി: താമരശ്ശേരിയില്‍ കോവിഡ് വ്യാപനം വീണ്ടും അതി രൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല്‍പ്പത് ശതമാനത്തിലെത്തിയതോടെ പഞ്ചായത്ത് പൂര്‍ണ്ണമായും ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ലോക് ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണം കടുപ്പിച്ചതോടെ താമരശ്ശേരിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായിരുന്നുവെങ്കിലും നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ രോഗ വ്യാപനം രൂക്ഷമായി. ചൊവ്വാഴ്ച 115 പേര്‍ക്ക് ആര്‍ ടി പി സി ആര്‍ നടത്തിയിരുന്നു. ഇതില്‍ 107 പേരും താമരശ്ശേരി പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ 43 പേര്‍ക്ക് പോസിറ്റീവായി. 40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എണ്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ നൂറ്റി എഴുപത്തി അഞ്ചോളം രോഗികളാണ് ചികിത്സയിലുള്ളത്. ഒരു വിവാഹ വീട് കേന്ദ്രീകരിച്ച് പത്ത് പേര്‍ക്കാണ് പോസിറ്റീവായത്. ഇളവുകള്‍ അനുവദിക്കുമ്പോള്‍ ആളുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. താമരശ്ശേരി ടൗണ്‍, ചുങ്കം, പരപ്പന്‍പൊയില്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പോലീസ് വാഹന പരിശോധ ശക്തമാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ആലോചിക്കുന്നത്.






