Mukkam

അപകടക്കെണിയൊരുക്കി പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലെ ഡിപ്പുകൾ

മുക്കം: റോഡരികിലെ വെള്ളം ഒഴുകിപ്പോകാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുമായി റോഡിന് കുറുകെ നിർമിച്ച ഡിപ്പ് (താഴ്ച) യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലാണ് അശാസ്ത്രീയമായി റോഡിന് കുറുകെ ഡിപ്പ് നിർമിച്ചത്. നൂറ് മീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡിൽ മൂന്ന് ഡിപ്പുകളാണ് നിർമിച്ചിരിക്കുന്നത്. കുറഞ്ഞ വീതിയിൽ, പത്ത് സെന്റീമീറ്ററോളം ആഴത്തിൽ നിർമിച്ചിരിക്കുന്ന ഡിപ്പ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതായതോടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഡിപ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് പിടിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ പിന്നാലെയെത്തുന്ന വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്. കൂടാെത ഡിപ്പിൽ ചാടി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

അശാസ്ത്രീയ നിർമാണമെന്ന് നാട്ടുകാർ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശോച്യാവസ്ഥയിലായ പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡ് നവീകരിച്ചത്. 19 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം പുരോഗമിക്കുന്നത്. 500-മീറ്റർ ദൂരമാണ് ആകെ നവീകരിക്കുന്നത്. ഇതിൽ ബാക്കിയുള്ള ഭാഗം ടാറിങ്ങാണ്. കോൺക്രീറ്റിന് ശേഷം, കഴിഞ്ഞ മാസമാണ് റോഡ് യാത്രയ്ക്കായി തുറന്നുകൊടുത്തത്.

വെള്ളമൊഴുകാൻ റോഡരികിൽ ഇടം നൽകാതെ പൂർണമായും കോൺക്രീറ്റ് ചെയ്തതോടെ റോഡിന് നടുവിലൂടെ വെള്ളം പരന്നൊഴുകുന്ന സ്ഥിതിയുമുണ്ട്. രണ്ട് കലുങ്കുകൾ പുതുക്കിപ്പണിയാതെയാണ് ലക്ഷങ്ങൾ മുടക്കി റോഡ് കോൺക്രീറ്റ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണം അശാസ്ത്രീയമാണെന്നും റോഡിലെ ഡിപ്പുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് നിർമിച്ചതെന്നും നാട്ടുകാർ പറഞ്ഞു. മുക്കം നഗരസഭയിൽ പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ തടഞ്ഞു

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദിനെ നാട്ടുകാർ തടഞ്ഞുവെച്ചത്.

റോഡ് കോൺക്രീറ്റ് പ്രവൃത്തിയിൽ വലിയ ക്രമക്കേടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥലത്തെത്തിയത്.

അതിനിടെ കരാറുകാരനും പോലീസും സ്ഥലത്തെത്തി. കരാറുകാരനും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് മുക്കം പോലീസ് ഇടപെ‌ട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button