അടിക്കടിയുണ്ടാവുന്ന തീപിടുത്തങ്ങളും, പ്രകൃതിക്ഷോഭവും, അപകടങ്ങളും, താമരശ്ശേരിയിൽ ഫയർ സ്റ്റേഷനു വേണ്ടി എം.എൽ.എയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

താമരശ്ശേരി: കോഴിക്കോടിനും -കല്പറ്റക്കും ഇടക്ക് 78 കിലോമീറ്ററോളം വരുന്ന ദേശീയ പാതയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഒരു ഫയർസ്റ്റേഷനില്ല. അത്യാവശ്യ ഘട്ടങ്ങളിൽ മുക്കം, നരിക്കുനി, കൽപ്പറ്റ, കോഴിക്കോട് എൻ.ജി ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നാണ് രക്ഷാ പ്രവർത്തനത്തിന് അഗ്നിശമന സേന എത്തേണ്ടത്.നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന താമരശ്ശേരി ചുരം, അടിക്കടി കാട്ടുതീ പടരുന്ന വനമേഖല , മറ്റു പ്രകൃതി ദുരന്തങ്ങൾ ,റോഡപകടങ്ങൾ ഇവയെല്ലാം ഉണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ ഇടവരുന്നുണ്ട്.
അടുത്ത കാലത്തായി നിരവധി പുതിയ ഫയർസ്റ്റേഷനുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ഇതിലൊന്നും താമരശ്ശേരിക്ക് ഇടമില്ല.സംസ്ഥാനത്ത് ഭരണം മാറി മാറി വന്നിട്ടും, മണ്ഡലത്തിൽ എം എൽ.എമാർ മാറി മാറി വന്നിട്ടും ന്യായമായ ആവശ്യം ആരും ചെവിക്കൊണ്ടില്ല. തീപിടുത്തം, വെളളത്തിൽ മുങ്ങി പോകൽ തുടങ്ങിയ അപകടസമയത്ത് ഓരോ നിമിഷവും വിലപ്പെട്ടതാണെന്നിരിക്കെ താമരശ്ശേരിയുടെ ചുറ്റുവട്ടത്ത് ഫയർ ഫോഴ്സ് എത്തിചേരണമെങ്കിൽ മണിക്കൂറുകൾ എടുക്കും, ഇത് ജീവൻ നഷ്ടപ്പെടാനും, സ്വത്തുക്കൾ നശിക്കാനും കാരണമാവുന്നുണ്ട്.
നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന വേളയിൽ മുക്കത്ത് നിന്നും താൽക്കാലികമായി സേനയെത്തി താമശ്ശേരി റസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്യാറാണ് പതിവ് താമരശ്ശേരിയിൽ ദേശീയപാതയോരത്തെ പഴയ വാണിജ്യനികുതി ചെക്ക് പോസ്റ്റ് കെട്ടിടം ഉപയോഗപ്പെടുത്തി ഒരു ഫയർസ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു.എന്നാൽ ജനപ്രതിനിധികൾ ഇതിനായി വേണ്ടത്ര ശ്രമം നടത്തിയില്ലാ എന്നാണ് പൊതുവെ ഉയരുന്ന പരാതി.
താമരശ്ശേരിയിൽ ഒരു ഫയർസ്റ്റേഷൻ കൊണ്ടുവരുന്നതിനായി നിലവിലെ .എൽ.എ.ഡോ.എം.കെ മുനീർ ആത്മാത്ഥമായി ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.






