മാവുള്ളപൊയിൽ മലയിലെ പാറക്കെട്ട് നീക്കാൻ വിദഗ്ധ സംഘം വേണമെന്ന് ആവശ്യം

താമരശ്ശേരി ∙ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ മലയിൽ ജനങ്ങൾക്കു ഭീഷണിയായി മാറിയ പാറക്കെട്ട് മുറിച്ചുനീക്കാൻ സാങ്കേതിക വൈദഗ്ധ്യം നേടിയ സംഘത്തെ ഏൽപിക്കണമെന്ന ആവശ്യം ഉയരുന്നു. ഇന്നലെ താമരശ്ശേരി തഹസിൽദാർ സി.സുബൈറിന്റെ നേതൃത്വത്തിൽ റവന്യു, പഞ്ചായത്ത് അധികൃതർ പ്രാദേശിക തലത്തിൽ പാറ മുറിക്കുന്നവരുമായി മലയിൽ എത്തി നടത്തിയ പരിശോധനയിൽ സാധാരണ രീതിയിൽ മുറിച്ചു നീക്കിയാൽ മലയിടിഞ്ഞ് വൻ ദുരന്തത്തിനു കാരണമാവുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ ആവശ്യം ഉയർന്നത്.
ഇതു സംബന്ധിച്ച് തിങ്കളാഴ്ച കലക്ടർക്കു റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. പാറക്കെട്ടിന്റെ അപകടാവസ്ഥ വളരെ ഗുരുതരമാണന്നും തഹസിൽദാർ ചൂണ്ടിക്കാട്ടി. അടുക്കുകളായി അപകടാവസ്ഥയിലുള്ള പാറക്കെട്ട് എത്രമാത്രം മുറിച്ചു നീക്കമെന്നും ജിയോളജി വകുപ്പ് പരിശോധന നടത്തി വ്യക്തമാക്കേണ്ടതുണ്ട്.
കഴിഞ്ഞ 15ന് മലമുകളിൽ നിന്ന് കൂറ്റൻ പാറക്കല്ല് താഴേക്ക് അടർന്നുവീണ് പ്രദേശം അപകട ഭീതിയിലായതിനെ തുടർന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ 17ന് സ്ഥലത്തെത്തി പരിശോധന നടത്തി അപകടാവസ്ഥ ബോധ്യപ്പെട്ട് പാറക്കെട്ട് മുറിച്ചു മാറ്റണമെന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
മലയുടെ താഴ്‌വാരത്തുള്ള 12 കുടുംബങ്ങൾ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ 10 ദിവസത്തിനകം പാറക്കെട്ട് മുറിച്ചു മാറ്റി അപകടാവസ്ഥ പരിഹരിക്കാൻ താമരശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി കഴിഞ്ഞ 22ന് കലക്ടർ ഉത്തരവ് നൽകിയതാണ്. കെമിക്കൽ ഉപയോഗിച്ച് കല്ല് പൊട്ടിക്കണമെന്നും താഴേക്കു വീഴാതിരിക്കാൻ ഇരുമ്പു വല ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ പാറക്കെട്ടു മുറിച്ചുനീക്കി അപകടാവസ്ഥ പരിഹരിക്കുന്നതിനു കാലതാമസം വരുമെന്നാണ് സൂചന. എന്നാൽ മഴ കനത്തതോടെ താഴ്‌വാരത്തുള്ള താമസക്കാർ ഏറെ ഭീതിയിലാണ്. വാർഡ് മെംബർ മുഹമ്മദ് ഷാഹിം ഹാജി, വില്ലേജ് ഓഫിസർ സുരേഷ് എന്നിവരും തഹസിൽദാർക്കൊപ്പം ഉണ്ടായിരുന്നു.






