Thiruvambady
തിരുവമ്പാടിയിൽ പുറംപോക്ക് ഭൂമിയിലെ വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി.

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള പുറംപോക്ക് ഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് തൊണ്ടിമ്മൽ പാറമണ്ണിൽ കരിയാലിക്കടവിൽനിന്നാണ് തേക്ക്, മഹാഗണി ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റിയത്. തടികൾ പൂർണമായും കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വാർഡംഗം പറഞ്ഞു. മരം കൊള്ളയെക്കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഗോപിനാഥ് മൂത്തേടം, സെക്രട്ടറി ദാമോദരൻ ആറാംപുറത്ത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.







