വായനയുടെ ജാലകംതുറന്ന് ഒരു ഗ്രന്ഥപ്പുര

തിരുവമ്പാടി : വായനയ്ക്ക് മരണമില്ലെന്ന് ഓർമപ്പെടുത്തി ഡിജിറ്റൽ യുഗത്തിലും ഇതാ ഒരു നാട്ടിൻപുറ ലൈബ്രറി. ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണ ഇലഞ്ഞിക്കൽ സൗപർണിക പബ്ലിക് ലൈബ്രറി (ആർട്സ് ആൻഡ് സ്പോർട് ക്ലബ്) ഇപ്പോഴും വായനയുടെ വസന്തം വിടർത്തുന്നു.
വായനശാലയിലെ റീഡിങ് റൂമിൽ നിത്യേനയെത്തുന്നത് നൂറോളം പേരാണ്. ദിവസേന അമ്പത് പേരെങ്കിലും പുസ്തകങ്ങൾ എടുക്കാനായിമാത്രം വരുന്നു. ഇതിനുപുറമേ ലൈബ്രറിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ലൈബ്രറി വായനയുടെ പുതിയ വാതായനത്തിലേക്ക് വായനക്കാരെ ആനയിക്കുന്നു.
താമരശ്ശേരി താലൂക്കിലെ അപൂർവം എ പ്ലസ് ലൈബ്രറിയാണിത്. കംപ്യൂട്ടറൈസ്ഡ് സംവിധാനത്തോട് കൂടിയത്. 15,000 ത്തിൽ അധികം പുസ്തകങ്ങൾ ഉണ്ടിവിടെ. 12 ആനുകാലിക പ്രസിദ്ധീകരണങ്ങളും. ഒരു ഇംഗ്ലീഷ് പത്രമുൾപ്പെടെ അഞ്ച് ദിനപത്രങ്ങളും.
രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വായനാമുറി പ്രവർത്തിക്കുന്നത് ആളുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്നതായി ലൈബ്രറി ജോയന്റ് സെക്രട്ടറി സി.ബി. അനിൽ പറഞ്ഞു. ലൈബ്രറി വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ ഉപകാരപ്പെടുന്നു.
ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ആറു വരെയാണ് ലൈബ്രറി പ്രവർത്തനം. 350 അംഗങ്ങളാണ് നിലവിലുള്ളത്. ഇതോടനുബന്ധിച്ച് ബാലവേദി, യുവജന വേദി, വൃദ്ധവേദി, മഹിളാ സമാജം എന്നിവയും പ്രവർത്തിക്കുന്നുണ്ട്.







